ന്യൂഡൽഹി : 5 സംസ്ഥാനങ്ങലിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അഭിപ്രായ സർവെ ഫലങ്ങൾ പുറത്ത്. കോൺഗ്രസിന് തെലങ്കാനയിലടക്കം വമ്പൻ മുന്നേറ്റമെന്നാണ് ആദ്യം പുറത്തുവന്ന സർവെ പ്രവചനമായ എബിപി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്. തെലങ്കാനയിൽ ബിജെപിക്ക് 5 മുതൽ 11 സീറ്റുകൾ വരെയാകും നേടാൻ സാധിക്കുകയെന്നാണ് സർവെ ഫലം..
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പോരാട്ടം കടുക്കും, കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് എബിപി – സി വോട്ടർ പ്രവചനത്തിൽ പറയുന്നത്. തെലങ്കാനയിൽ കോൺഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലേറാമെന്നാണ് പ്രവചനം.
അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്‍റെ ബിആർഎസിന് 43 മുതൽ 55 വരെ സീറ്റിലേക്ക് ഒതുങ്ങേണ്ടി വരുമെന്നും വലിയ പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുന്ന ബിജെപിക്ക് നിരാശയാകും ഫലമെന്നും സർവെ ചൂണ്ടികാട്ടുന്നു.
ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരണതുടർച്ചയ്ക്കുള്ള സാധ്യതയാണ് എബിപി – സി വോട്ടർ പ്രവചനം പറയുന്നത്. കടുത്ത പോരാട്ടമായിരിക്കും സംസ്ഥാനത്തെങ്കിലും മുൻതൂക്കം കോൺഗ്രസിനാണ്. കോൺഗ്രസ് 45 മുതൽ 51 വരെ സീറ്റുവരേയും ബിജെപി 39 – 45 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനം. മറ്റുള്ളവരാകട്ടെ പരമാവധി 2 സീറ്റുകളിലേക്ക് ഒതുങ്ങും.
മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സർവെ. കോൺഗ്രസിന് മുൻതൂക്കമുണ്ടെന്ന് കാണാം. കോൺഗ്രസ് 113 -125 വരെയും ബിജെപി 104 – 116 വരെയും ബിഎസ്പി 0 – 2 വരെയും മറ്റുള്ളവർ 0 – 3 വരെയും സീറ്റുകൾ മധ്യപ്രദേശിൽ നേടിയേക്കാമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്.
മിസോറാമിൽ തൂക്കുസഭയാകുമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനം പറയുന്നത്. എം എൻ എഫ് 13 മുതൽ 17 വരെ സീറ്റുകൾ നേടാം. കോൺഗ്രസിനാകട്ടെ 10 മുതൽ 14 സീറ്റുകൾ വരെ ഇക്കുറി ലഭിച്ചേക്കും. ഇസെഡ് പി എം 9 – 13 സീറ്റുകളും മറ്റുള്ളവർ 0 – 3 വരെ സീറ്റുകൾ നേടിയേക്കുമെന്നും എ ബി പി – സി വോട്ടർ പ്രവചനത്തിൽ പറയുന്നു.