അഹമ്മദാബാദ്: സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും കണ്ടന്‍റ് ക്രിയേറ്റര്‍മാരും ഫോളോവേഴ്സിനെ കൂട്ടാനും വൈറലാവാനും പല അഭ്യാസങ്ങളും കാണിക്കാറുണ്ട്. ഗുജറാത്തില്‍ ഒരു യുവതി തിരക്കേറിയ റോഡിന്‍റെ നടുവില്‍ യോഗ ചെയ്താണ് വൈറലാവാന്‍ ശ്രമിച്ചത്.
ദിന പാർമർ എന്ന യുവതിയാണ് ചുവന്ന വസ്ത്രം ധരിച്ച് തിരക്കേറിയ തെരുവിലെ റോഡിന്‍റെ നടുവില്‍ യോഗ ചെയ്തത്. നല്ല മഴ പെയ്യുമ്പോഴായിരുന്നു ഈ യോഗാസനം. ദിനയുടെ യോഗാസനം കാരണം വാഹനങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോവാനാവാതെ ഗതാഗത കുരുക്ക് രൂപപ്പെട്ടു. വൈകാതെ വീഡിയോ സമൂഹ മാധ്യമമായ എക്സിലെത്തി. സംഭവം ഗുജറാത്ത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.
തന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് യുവതി മാപ്പ് പറയുന്ന വീഡിയോ ഗുജറാത്ത് പൊലീസ് പങ്കുവെച്ചു. താൻ ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ആളാണെന്ന് യുവതി പറഞ്ഞു. മറ്റുള്ളവരോടും നിയമങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. പിഴയടച്ച ശേഷം യുവതിയെ പൊലീസ് വിട്ടയച്ചു. വീഡിയോയ്ക്ക് ഒപ്പമുള്ള അടിക്കുറിപ്പിൽ, ട്രാഫിക് നിയമങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് ഗുജറാത്ത് പൊലീസ് അഭ്യർത്ഥിച്ചു. പൊതുഇടങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്നും ആവശ്യപ്പെട്ടു.
പൊലീസിന്‍റെ നടപടിയെ അഭിനന്ദിച്ച് പലരും വീഡിയോയ്ക്ക് താഴെ കമന്‍റിട്ടു. വൈറലാവാന്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നാണ് നെറ്റിസണ്‍സിന്‍റെ അഭിപ്രായം. ഇത്തരം നിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ഒരാള്‍ അഭിപ്രായപ്പെട്ടതിങ്ങനെ- “ആദ്യം റോഡിൽ ഗർബ, പിന്നെ റോഡിൽ യോഗ. ഇത്തരം ആളുകൾ റോഡുകൾ സുരക്ഷിതമല്ലാത്തതാക്കുന്നു. സോഷ്യൽ മീഡിയയിൽ കുറച്ച് ലൈക്കുകൾക്ക് വേണ്ടി ആളുകൾ ഇത്തരം സ്റ്റണ്ട് ചെയ്യുന്നതും പ്രശസ്തി നേടുന്നതും കണ്ട് അത്ഭുതപ്പെട്ടു.”