മധ്യപ്രദേശിൽ വിദ്യാർഥികൾക്ക് പ്രതിമാസ സഹായ വാഗ്ദാനവുമായി കോൺഗ്രസ്

Advertisement

ന്യൂഡൽഹി: മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വിദ്യാർഥികൾക്കു പ്രതിമാസ സാമ്പത്തികസഹായം നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തു. ‘പഠിക്കൂ, പഠിപ്പിക്കൂ’ എന്നാണു പദ്ധതിയുടെ പേര്.

സംസ്ഥാനത്ത് പാർട്ടി അധികാരത്തിലെത്തിയാൽ ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കു പ്രതിമാസം 500 രൂപ നൽകുമെന്നു പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചു. 9,10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് 1000 രൂപയും 11,12 ക്ലാസ് വിദ്യാർഥികൾക്ക് 1500 രൂപയും ലഭ്യമാക്കും. ആദ്യമായാണ് വിദ്യാർഥികൾക്കായി ഇത്തരമൊരു പദ്ധതി കോൺഗ്രസ് പ്രഖ്യാപിക്കുന്നത്.

കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നിവരെ ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികൾക്കൊപ്പമാണു വിദ്യാർഥികളെയും അവരിലൂടെ മാതാപിതാക്കളെയും ഒപ്പം നിർത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കു പാർട്ടി രൂപം നൽകിയിരിക്കുന്നത്.