അന്തരിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എം എസ് ഗില്ലിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട്

Advertisement

ന്യൂ ഡെൽഹി :
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മനോഹർ സിങ് ഗിൽ (എം എസ് ഗിൽ) അന്തരിച്ചു. 86 വയസായിരുന്നു. ദക്ഷിണ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ലോധി റോഡ് ശ്മശാനത്തിൽ നടക്കും.

1996 ഡിസംബർ മുതർ 2001 ജൂൺ വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗിൽ സേവനമനുഷ്ഠിച്ചു. വിരമിച്ചശേഷം കോൺഗ്രസിൽ ചേർന്നു. ഔദ്യോഗിക ജീവിതത്തിനുശേഷം രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗിൽ. കോൺഗ്രസ് അംഗമായി രാജ്യസഭയിൽ എത്തി. 2004 മുതൽ 2016 വരെ രാജ്യസഭാംഗമായിരുന്നു. 2008ൽ യുപിഎ സർക്കാരിൽ കേന്ദ്ര യുവജനകാര്യ, കായിക, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രിയായി.

ശിരോമണി അകാലിദൾ തലവൻ പ്രകാശ് സിങ് ബാദൽ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നപ്പോൾ, അദ്ദേഹത്തിന്റെ കീഴിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.