ന്യൂഡൽഹി: 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ട് കുട്ടികളുടെ അമ്മയായ 27കാരിയാണ് ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.
എയിംസ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തിയ കോടതി, മിടിക്കുന്ന കുരുന്ന് ഹൃദയത്തെ പിടിച്ചുനിര്‍ത്താനാവില്ലെന്നും വ്യക്തമാക്കി.
26 ആഴ്ചയും അഞ്ച് ദിവസവും പിന്നിടുന്ന ഗര്‍ഭം അലസിപ്പിക്കുന്നത് മെഡിക്കല്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. വിഷാദ രോഗമടക്കമുള്ള ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അലട്ടുന്നതിനാല്‍ ഇനി ഒരു കുഞ്ഞിനെ കൂടി പരിപാലിക്കാനാവില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഹര്‍ജി സുപ്രീംകോടതിയിലെത്തിയത്. ജസ്റ്റിസുമാരായ ഹിമ കൊഹ്ലി, നാഗരത്ന എന്നിവരുടെ ബഞ്ചില്‍ ഭിന്ന വിധികളുണ്ടായ പശ്ചാത്തലത്തിലാണ് ഹര്‍ജി ചീഫ് ജസ്റ്റിന്‍റെ പരിഗണനയ്ക്ക് വന്നത്.