സുധ മൂർത്തിയുടെ പേരിൽ അഞ്ച് ലക്ഷം രൂപ തട്ടിയ വൈദികൻ അറസ്റ്റിൽ

Advertisement

ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൻ സുധ മൂർത്തിയുടെ പേരിൽ അഞ്ച് ലക്ഷം രൂപ തട്ടിയ വൈദികൻ അറസ്റ്റിൽ. മല്ലേശ്വരം സ്വദേശി അരുൺ കുമാർ (34) ആണ് അറസ്റ്റിലായത്. സുധാ മൂർത്തിയുടെ പേര് ദുരുപയോഗം ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തിനൊടുവിൽ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ അരുൺ കുമാറാണെന്ന് തെളിഞ്ഞു.

നോർത്തേൺ കാലിഫോർണിയയിലെ ‘കന്നഡ കൂട്ട’ 50ാം വാർഷിക പരിപാടിയിൽ സുധാ മൂർത്തിയെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുമെന്ന് അരുൺ കുമാർ ഉറപ്പ് നൽകിയിരുന്നു. തുടർന്നാണ് സംഘാടകരിൽനിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. എന്നാൽ ഏപ്രിലിൽ തന്നെ കന്നഡ കൂട്ടയുടെ ക്ഷണം സുധാ മൂർത്തി നിരസിച്ചിരുന്നു.

കുമാറിൻറെ കൂട്ടാളിയായ സ്ത്രീയുടെ സഹായത്തോടെയാണ് പണം തട്ടിയെടുത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സുധാ മൂർത്തിയെ മുഖ്യാതിഥിയായി ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സുധയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് മമത സഞ്ജയ് നൽകിയ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്. ലാവണ്യ, ശ്രുതി എന്നിവരാണ് മറ്റ് പ്രതികൾ. ജയനഗർ പൊലീസാണ് അരുൺ കുമാറിനെ അറസ്റ്റ് ചെയ്തത്.