ന്യൂഡൽഹി: അദാനിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധി. കൽക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികൾ തട്ടിയെന്നാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. രാഹുലിൻറെ ആരോപണം ഫിനാൻഷ്യൽ ടൈംസ് വാർത്ത ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്ക് സംരക്ഷണം നൽകുകയാണെന്നും രാഹുൽ ആരോപിച്ചു.
ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടി വിലക്ക് ഇന്ത്യയിൽ വിൽക്കുകയാണ്. കരിഞ്ചന്ത വിൽപ്പനക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു. ഇന്ത്യയിലെ ഒരു മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുക്കുന്നില്ല. പ്രധാനമന്ത്രി പതിവ് പോലെ അദാനിയെ രക്ഷിക്കുന്നു. സർക്കാർ അദാനിക്ക് ബ്ലാങ്ക് ചെക്ക് നൽകിയിരിക്കുകയാണ്. അദാനിക്കെതിരെ ഒരന്വേഷണവും നടത്തുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. അദാനിക്കെതിരെ മോദി എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ഇതിന് കാരണം എന്താണെന്നും ഇതിന് പിന്നിലെ ശക്തി ഏതാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു.