ബെംഗളൂരു∙ കോറമംഗല താവരക്കെരെ ജംക്‌ഷനിൽ നാലു നില കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ മഡ്പൈപ്പ് കഫെ ഹുക്കാബാറിലുണ്ടായ വൻ തീപിടിത്തത്തിൽ ജീവനക്കാരനു ഗുരുതരമായി പരുക്കേറ്റു. ഹൊസൂർ റോഡിൽ ഫോറം മാളിനു സമീപത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഇവിടെയുണ്ടായിരുന്ന എട്ട് ഗ്യാസ് സിലിണ്ടറുകളിൽ മൂന്നെണ്ണം പൊട്ടിത്തെറിച്ചാണ് തീപടർന്നത്.
ജീവനക്കാരനും നേപ്പാൾ സ്വദേശിയുമായ പ്രേംകുമാർ (28) നാലാം നിലയിൽ നിന്ന് ആത്മരക്ഷാർഥം താഴേക്കു ചാടുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇയാളെ ജയനഗർ കെജി ഹോസ്പിറ്റലിലും തുടർന്ന് അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജനറേറ്ററിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ചോർച്ചയുള്ള സിലിണ്ടറിലേക്ക് തീപടർന്നതാകാം പൊട്ടിത്തെറിക്കു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു.
ഗ്യാസ് സിലിണ്ടർ ഒന്നിനു പിന്നാലെ ഒന്നായി പൊട്ടിയ മുറയ്ക്ക് ആകാശത്തേക്ക് തീഗോളം ഉയരുന്നുണ്ടായിരുന്നു. ഏഴ് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീകെടുത്തിയത്.
ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കാർ ഷോറൂമിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറും കത്തിനശിച്ചു. കോറമംഗല ഭാഗത്ത് ഇതേത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.