ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമൻ സന്ദർശിക്കാൻ അനുമതി തേടി അമ്മ പ്രേമകുമാരി നൽകിയ ഹർജിയിൽ കേന്ദ്രത്തിന്റെ നിലപാടു തേടി ഡൽഹി ഹൈക്കോടതി. സഹായങ്ങൾ നൽകുമെന്ന കേന്ദ്രവാഗ്ദാനം പാലിക്കാത്തതിനെതിരെ അമ്മ ഹൈക്കോടതിയിൽ വീണ്ടും നൽകിയ ഹർജി പരിഗണിച്ചാണിത്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണു കേന്ദ്രത്തിനു നിർദേശം. പ്രേമകുമാരിയുടെ ഹർജി നവംബർ 16ന് പരിഗണിക്കും.
വാഗ്ദാനങ്ങൾ പാലിക്കാൻ നിർദേശം നൽകുക, മോചനത്തിനായി കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങളുടെ വിവരം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അമ്മ പ്രേമകുമാരി ഉന്നയിച്ചിരിക്കുന്നത്. അഭിഭാഷകനായ കെ.ആർ.സുഭാഷ് ചന്ദ്രൻ, എൽ.ആർ. കൃഷ്ണ എന്നിവർ മുഖേനയാണ് ഹർജി നൽകിയത്. നിമിഷപ്രിയയ്ക്ക് അപ്പീൽ സമർപ്പിക്കാൻ സഹായം നൽകുമെന്നും നഷ്ടപരിഹാരത്തുക സംബന്ധിച്ച ചർച്ച നടത്തുന്നതിന് ഇന്ത്യൻ സംഘത്തിനു യാത്രാനുമതി നൽകുമെന്നും കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം മാർച്ചിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ 2017ൽ കൊലപ്പെടുത്തിയെന്ന കേസിലാണു നിമിഷപ്രിയയ്ക്കു വധശിക്ഷ വിധിച്ചത്. ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജി യെമനിലെ അപ്പീൽ കോടതി തള്ളി. ഇതിനെതിരെ അവിടെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സഹായം നൽകുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം.