ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജനതാദള്‍ ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ. പാര്‍ട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരേ കലാപമുയര്‍ത്തിയ സി എം ഇബ്രാഹിമിനെ സംസ്ഥാനാധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ചാണ് ദേവ ഗൗഡ വാര്‍ത്താസമ്മേളനം വിളിച്ചത്.
”കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ചേര്‍ന്നുപോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. അവിടത്തെ ഞങ്ങളുടെ മന്ത്രി സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണ്” – ദേവഗൗഡ പറഞ്ഞു.
ബിജെപിയുമായുള്ള സഖ്യത്തെ തമിഴ്നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമാണ് ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ഇടതുമുന്നണിയോടൊപ്പം നില്‍ക്കാനും ബിജെപി സഖ്യത്തെ തള്ളാനുമായിരുന്നു കേരള ഘടകത്തിന്റെ തീരുമാനം. ഇക്കാര്യം സംസ്ഥാനനേതാക്കള്‍ ദേവഗൗഡയെ നേരില്‍ അറിയിക്കുകയും ചെയ്തിരുന്നു.
കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന് ദേവഗൗഡ അറിയിച്ചതായാണ് പാര്‍ട്ടി കേരള അധ്യക്ഷന്‍ മാത്യു ടി തോമസ് അറിയിച്ചത്. എന്നാല്‍, ഇതിനുവിരുദ്ധമായ ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. പുതിയ വെളിപ്പെടുത്തല്‍ ഇടതുമുന്നണിയോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിഘടകത്തെ പ്രതിസന്ധിയിലാക്കും. ജെഡിഎസിന്റെ ബിജെപി ബന്ധത്തെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സിപിഎമ്മിനെതിരേ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ദേവഗൗഡയുടെ പ്രസ്താവന.