ഇന്ത്യയുടെ മുന്നറിയിപ്പ്: 41 നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ച് കാനഡ

Advertisement

ന്യൂഡ‍ൽഹി; ഇന്ത്യയിൽ നിന്ന് 41 നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ച് കാനഡ. 21 പേർ ഒഴിച്ചുള്ളവരുടെ നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയതോടെയാണ് വെള്ളിയാഴ്ചയോടെ 41 പേരും കുടുംബവും ഇന്ത്യ വിട്ടത്.

ഇന്ത്യയിൽ നിന്നും സുരക്ഷിതമായി തിരിച്ചെത്താനുള്ള സാഹചര്യം ഒരുക്കിയെന്ന് കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിനു പിന്നാലെ ഇന്ത്യയും കാഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ഇന്ത്യയിൽ 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്കുണ്ടായിരുന്നത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങൾക്കിടയിലും തുല്യത വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യ–കാനഡ ബന്ധം വഷളായി. കാനഡക്കാർക്ക് ഇന്ത്യ വീസ നൽകുന്നത് സെപ്റ്റംബർ 18 മുതൽ നിരോധിച്ചിരുന്നു.

ഹർദീപ് സിങ് നിജ്‌ജാർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള അനൗദ്യോഗിക ചർച്ചകളിലാണ് കാനഡ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.