ഇഎസ്‌ഐ കേസില്‍ ജയപ്രദയ്ക്ക് തിരിച്ചടി…. ആറു മാസം തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

Advertisement

ഇഎസ്‌ഐ കേസില്‍ നടി ജയപ്രദയ്ക്ക് തിരിച്ചടി. ചെന്നൈ എഗ്മോര്‍ കോടതി വിധിച്ച ആറു മാസം തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. കേസില്‍ ജയപ്രദയും കൂട്ടുപ്രതികളും ഇതുവരെ സ്വീകരിച്ച സമീപനം പരിഗണിച്ച് കൂടിയാണ് തീരുമാനം എന്ന് ജസ്റ്റിസ് ജി.ജയചന്ദ്രന്‍ പറഞ്ഞു.
ചെന്നൈയില്‍ ജയപദ്രയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന തിയേറ്ററിലെ ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടച്ചില്ലെന്ന കേസിലാണ് ഓഗസ്റ്റില്‍ താരത്തെ ശിക്ഷിച്ചത്. 15 ദിവസത്തിനകം എഗ്മോര്‍ കോടതിയില്‍ കീഴടങ്ങുകയും, 20 ലക്ഷം രൂപ കെട്ടിവയ്ക്കുകയും ചെയ്താല്‍ മാത്രം ജാമ്യാപേക്ഷ പരിഗണിച്ചാല്‍ മതിയെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു ജയപ്രദ. മികച്ച നടിക്കുള്ള നന്തി അവാര്‍ഡും ജയപ്രദയ്ക്ക് ലഭിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായി എത്തിയ ഹിറ്റ് ചിത്രങ്ങളായ ‘ദേവദൂതനി’ലും ‘പ്രണയ’ത്തിലും ഒരു പ്രധാന വേഷത്തില്‍ ജയപ്രദയുണ്ടായിരുന്നു. മലയാളത്തില്‍ ‘കിണര്‍’ എന്ന ചിത്രത്തിലാണ് ഒടുവില്‍ ജയപ്രദ വേഷമിട്ടത്.

Advertisement