നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ കാനഡയെ നിര്‍ബന്ധിക്കരുത്: ഇന്ത്യയോടു യുഎസും ബ്രിട്ടനും

Advertisement

വാഷിങ്ടന്‍‌: നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ കാനഡയെ നിര്‍ബന്ധിക്കരുതെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് അമേരിക്കയും ബ്രിട്ടനും. രാജ്യത്തെ നയതന്ത്ര ഓഫിസുകളിലെ 41 ഉദ്യോഗസ്ഥരെ കാനഡ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് കാനഡയ്ക്കു പിന്തുണയുമായി യുഎസും ബ്രിട്ടനും രംഗത്തെത്തിയത്.

ഇന്ത്യയില്‍നിന്നു കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പോകേണ്ടിവന്നതില്‍ ആശങ്കയുണ്ടെന്ന് യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ രാജ്യത്തുള്ളത് ആവശ്യമാണ്. നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ കാനഡയെ നിര്‍ബന്ധിക്കരുതെന്ന് ഇന്ത്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര ബന്ധം സംബന്ധിച്ച് 1961ലെ വിയന്ന കണ്‍വന്‍ഷന്‍ നിബന്ധനകള്‍ പാലിക്കണമെന്നും മാത്യു മില്ലര്‍ പറഞ്ഞു.

കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ വിട്ടു പോകേണ്ട തരത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അംഗീകരിക്കുന്നില്ലെന്ന് ബ്രിട്ടിഷ് വിദേശകാര്യ ഓഫിസ് അറിയിച്ചു. നയതന്ത്ര പരിരക്ഷ പിന്‍വലിക്കാനുള്ള ഏകപക്ഷീയമായ തീരുമാനം വിയന്ന കണ്‍വന്‍ഷന് എതിരാണെന്നും ബ്രിട്ടന്‍ ചൂണ്ടിക്കാട്ടി.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെത്തുടര്‍ന്നാണു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ചണ്ഡിഗഡ്, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ കോണ്‍സുലേറ്റ് ഓഫിസുകളില്‍ ലഭ്യമായിരുന്ന വ്യക്തിഗത സേവനങ്ങള്‍ ന്യൂഡല്‍ഹിയിലെ ഹൈക്കമ്മിഷന്‍ ഓഫിസിലേക്കു മാറ്റി. കാനഡയുടെ 21 നയതന്ത്ര പ്രതിനിധികള്‍ ഒഴികെയുള്ളവര്‍ക്കുള്ള പരിരക്ഷയും സൗകര്യങ്ങളും പിന്‍വലിക്കുന്നതായി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചതിനെത്തുടര്‍ന്നാണിത്. ഇതോടെ വീസ നടപടിക്രമങ്ങള്‍ വൈകിയേക്കും.

41 കാനഡ പ്രതിനിധികളുടെ നയതന്ത്ര പരിരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ സുരക്ഷ പരിഗണിച്ചാണു അവരെ മടക്കിവിളിക്കാന്‍ നടപടി സ്വീകരിച്ചതെന്നു കാനഡ വിദേശകാര്യ മന്ത്രി മെലനി ജോളി പറഞ്ഞു. ഇന്ത്യയുടെ നീക്കം രാജ്യാന്തരനിയമങ്ങള്‍ക്കും വിയന്ന കണ്‍വന്‍ഷനും വിരുദ്ധമാണെന്ന് ആരോപിച്ച ജോളി ഇതു വീസ സേവനങ്ങളെ ബാധിക്കുമെന്നും അഭിപ്രായപ്പെട്ടു. 10 ഇന്ത്യന്‍ നഗരങ്ങളിലുള്ള വീസ അപേക്ഷാ കേന്ദ്രങ്ങളിലെ നടപടികളെ ബാധിക്കില്ലെന്നു പുറംകരാര്‍ എടുത്തിരിക്കുന്ന വിഎഫ്എസ് ഗ്ലോബല്‍ കമ്പനി വ്യക്തമാക്കി. എന്നാല്‍ കാനഡയിലേക്കു കുടിയേറുന്ന വിദ്യാര്‍ഥികളുടെ കാര്യങ്ങള്‍ നോക്കുന്ന കനേഡിയന്‍ നോഡല്‍ ഇമിഗ്രേഷന്‍ അതോറിറ്റിയായ ഐആര്‍സിസി ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം 27ല്‍ നിന്ന് 5 ആയി കുറച്ചത് വീസ നടപടികളുടെ വേഗം കുറയ്ക്കുമെന്നാണു വിലയിരുത്തല്‍.