ചെന്നൈ:
നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍ ഒപ്പ് ശേഖരണ ക്യാമ്പയിന്‍ ആരംഭിച്ചു. സംസ്ഥാനത്തുടനീളം 50 ദിവസത്തിനുള്ളില്‍ 50 ലക്ഷം ഒപ്പുകള്‍ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ആണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
നീറ്റ് പരീക്ഷയെ ബിജെപി രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് ആരോപിച്ച് എംകെ സ്റ്റാലിന്‍ കഴിഞ്ഞ കുറച്ച് നാളുകളായി പരീക്ഷാ നടത്തിപ്പിനെതിരെ പ്രതിഷേധം നടത്തിവരികയാണ്. ഡിഎംകെ നീറ്റിനെ എതിര്‍ക്കുന്നു, ഇത് സാമൂഹിക നീതിക്ക് വിരുദ്ധമാണ്, ഇത് നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും കോച്ചിംഗ് സെന്ററുകളില്‍ പ്രവേശനമുള്ളവര്‍ക്കും വേണ്ടിയുള്ളതാണ് തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.
നീറ്റ് പിജി 2023ന്റെ യോഗ്യതാ ശതമാനത്തിന്റെ കട്ട് ഓഫ് എല്ലാ വിഭാഗങ്ങളിലും ‘പൂജ്യം’ ആയി കുറയ്ക്കാന്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 20-ന് ആരോഗ്യ മന്ത്രാലയം ദേശീയ മെഡിക്കല്‍ കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെയുടെ പുതിയ നീക്കം. പരീക്ഷയ്ക്കെതിരെ ഒപ്പ് ശേഖരണ ക്യാമ്പയിന്‍ നടത്തി അത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയയ്ക്കും.
നീറ്റ് മുതല്‍ എൻഇപി വരെ ഫാസിസ്റ്റുകള്‍ വിദ്യാഭ്യാസത്തിനുള്ള നമ്മുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ അവരോട് നിരന്തരം പോരാടുകയാണ്. ഞാന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു. നീറ്റ് നിരോധിക്കണമെന്ന ഞങ്ങളുടെ ആവശ്യം അവഗണിച്ചാല്‍ തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിന് സമാനമായ വന്‍ പ്രതിഷേധം ഉണ്ടാകും’, ഉദയനിധി സ്റ്റാലിൻ പറഞ്ഞു.