ഗർബ നൃത്തത്തിനിടെ ഹൃദയാഘാതം; ഗുജറാത്തിൽ 24 മണിക്കൂറിൽ 13കാരൻ ഉൾപ്പെടെ 10 മരണം

Advertisement

അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 പേർ മരിച്ചു. 24 മണിക്കൂറിനിടെയാണ് ഗുജറാത്തിൽ പല ഭാഗങ്ങളിലായുള്ള മരണങ്ങൾ.

ഇതിൽ ബറോഡയിൽ നിന്നുള്ള പതിമൂന്ന് വയസുകാരനും കപടവജിൽനിന്നുള്ള പതിനേഴുകാരനും ഉൾപ്പെടുന്നു. അഹമ്മദാബാദിൽ ഗർബ നൃത്തം ചെയ്യുന്നതിന് ഇടയിൽ ഇരുപത്തിനാലുകാരൻ കുഴഞ്ഞുവീണ് മരിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറു ദിവസങ്ങളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് എമർജൻസി ആംബുലൻസ് സർവീസ് നമ്പറായ 108ലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വാസതടസ്സ പ്രശ്നങ്ങൾ പറഞ്ഞ് 609 കോളുകളും എത്തി. ഗർബ ആഘോഷങ്ങൾ സാധാരണയായി നടക്കുന്ന വൈകുന്നേരം ആറിനും പുലർച്ചെ രണ്ടിനും ഇടയിലാണ് ഈ കോളുകൾ എത്തിയതെന്നാണ് റിപ്പോർട്ട്.

ഗർബ നൃത്തത്തിന് ഇടയിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതോടെ സംസ്ഥാന സർക്കാരും ജാഗരൂകരായി. ഗർബ ആഘോഷം നടക്കുന്നതിന് അടുത്തുള്ള സർക്കാർ ആശുപത്രികളോട് അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കാൻ സർക്കാർ നിർദേശം നൽകി. ഗർബ ആഘോഷങ്ങൾ നടക്കുന്ന ഇടങ്ങളിൽ ഡോക്ടർമാരുടേയും ആംബുലൻസിന്റേയും സേവനം ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. നവരാത്രി ആഘോഷങ്ങൾക്ക് മുൻപ് ഈ വർഷം ഗുജറാത്തിൽ ഗർബ നൃത്തം പരിശീലിക്കുന്നതിനിടെ മൂന്നു പേർ മരിച്ചു.