ബെംഗളൂരു: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു കാറിൽനിന്ന് അതിസാഹസികമായി 14 ലക്ഷം രൂപ മോഷ്ടിച്ചു. ബെംഗളൂരു സർജാപുരിനു സമീപം സോംപുരയിലെ സബ് റജിസ്ട്രാർ ഓഫിസിനടുത്തു പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് പണം മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അന്വേഷണം നടന്നുവരികയാണെന്നും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കാറിനു സമീപം മാസ്ക് ധരിച്ച രണ്ടു പേർ ചുറ്റിത്തിരിയുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ കാണുന്നത്. തുടർന്ന് പരിസരം നിരീക്ഷിച്ച ശേഷം ഡ്രൈവർ സീറ്റിന്റെ ഭാഗത്തെ ഡോറിന്റെ ചില്ല് തകർത്ത് മോഷ്ടാവ് തല അകത്തേക്കിട്ട് പണം കൈക്കലാക്കുന്നു. ഇയാൾക്കു സമീപം ബൈക്കുമായി കൂട്ടാളിയും ഉണ്ടായിരുന്നു.
ബൈക്കിലുള്ള ആൾ പരിസരം നിരീക്ഷിക്കുന്നതും ബൈക്ക് സ്റ്റാർട്ട് ആക്കി നിർത്തിയിരിക്കുന്നതും വിഡിയോയിലുണ്ട്. പണം കവർന്ന ഉടനെ മോഷ്ടാവ് ബൈക്കിൽ ചാടിക്കയറുന്നതും ബൈക്ക് അതിവേഗം ഓടിച്ചു പോകുന്നതും കാണാം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.