ബെംഗളുരു: യഥാർഥ പുലിനഖം ലോക്കറ്റാക്കിയ മാല ധരിച്ച് റിയാലിറ്റി ഷോയിൽ പ്രത്യക്ഷപ്പെട്ട മത്സരാർഥി അറസ്റ്റിൽ. കന്നഡ ബിഗ്ബോസ് 10–ാം സീസൺ മത്സരാർഥി വർത്തൂർ സന്തോഷ് ആണ് അറസ്റ്റിലായത്. ഇയാളെ ബിഗ് ബോസ് വേദിയിൽ നിന്നാണ് വനം വകുപ്പ് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി.
ബിഗ്ബോസ് ഷോയ്‌ക്കിടെയാണ് ഇയാളുടെ കഴുത്തിൽ പുലിനഖം ലോക്കറ്റാക്കിയ മാല ശ്രദ്ധയിൽപ്പെട്ടത്. പരിപാടിയുടെ പ്രേക്ഷകരിൽ ചിലരാണ് ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പിനു പരാതി നൽകിയത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മത്സരവേദിയിലെത്തി മാല നൽകാൻ ആവശ്യപ്പെട്ടു. മാല വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതിലുണ്ടായിരുന്നത് യഥാർഥ പുലിനഖങ്ങളാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ഇതിനു പിന്നാലെ റിയാലിറ്റി ഷോ അധികൃതരെ വിവരം അറിയിച്ച ശേഷമായിരുന്നു അറസ്റ്റ്. മൂന്നു മുതൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.