ഝാർഖണ്ഡിൽ ധോണിയുടെ പേരിൽ യുവതിയെ കബളിപ്പിച്ച് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

Shadow on lawn of a father, a small child and a baby carriage.
Advertisement

റാഞ്ചി: ബൈക്കിലെത്തിയ രണ്ടംഗ സംഘം ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ പേര് പറഞ്ഞ് യുവതിയെ കബളിപ്പിച്ച് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. ഝാർഖണ്ഡിലെ റാഞ്ചിയിൽ മൂന്നു ദിവസം മുൻപാണ് സംഭവം. ധോണി പാവപ്പെട്ടവർക്ക് പണവും വീടും നൽകുന്നുണ്ടെന്ന് പറഞ്ഞാണ് മധുദേവി എന്ന യുവതിയെ കബളിപ്പിച്ചത്.

മൂന്നു ദിവസം മുൻപ് മധുദേവി ഒന്നരയും എട്ടും വയസ്സു പ്രായമുള്ള പെൺമക്കളുമായി റാഞ്ചിയിലെ ഒരു കടയിൽ സാധനം വാങ്ങുന്നതിനിടെയാണ് സംഭവം. ഇതിനിടെ, ബൈക്കിലെത്തിയ ഒരു പുരുഷനും സ്ത്രീയും ധോണി പാവപ്പെട്ടവർക്ക് പണം നൽകുന്നുവെന്ന് പറഞ്ഞ് മധുദേവിയെ സമീപിച്ചു. പണം വിതരണം ചെയ്യുന്നിടത്തേക്ക് തന്നെ കൊണ്ടുപോകാമോയെന്ന് മധുദേവി ചോദിച്ചപ്പോൾ ബൈക്കിലെത്തിയവർ സമ്മതിച്ചു. മധുദേവിയെയും ഒന്നര വയസ്സുള്ള മകളെയും കൂടെ കൊണ്ടുപോയി. മധുദേവിയുടെ എട്ട് വയസ്സുള്ള മകളെ കടയിൽ തന്നെ നിർത്തി.

ഹർമുവിലെ ഇലക്‌ട്രിസിറ്റി ഓഫിസിൽ എത്തിയപ്പോൾ ഓഫിസിനുള്ളിൽ പണ വിതരണവുമായി ബന്ധപ്പെട്ട യോഗം നടക്കുന്നുണ്ടെന്ന് ഇവർ മധുദേവിയോട് പറഞ്ഞു. മധുദേവിയുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞതോടെ ബൈക്കിലുണ്ടായിരുന്നവർ ഒന്നര വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് ബൈക്കിൽ കടന്നുകളഞ്ഞു. മധുദേവി ഇവരെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ബൈക്ക് യാത്രികർ രക്ഷപ്പെട്ടു.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സാധ്യമായ എല്ലാ കോണുകളിൽ നിന്നും അന്വേഷിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മധുദേവിയുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും അവ പരിശോധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവർ പാവപ്പെട്ടവർക്കുള്ള സർക്കാർ പദ്ധതിയെക്കുറിച്ച് തന്നോട് പറഞ്ഞെന്ന് ആദ്യം അവകാശപ്പെട്ട മധുവേദി, പിന്നീട് ധോണിയുടെ പേരു പറഞ്ഞുവെന്ന് കബളിപ്പിച്ചെന്ന് മൊഴിമാറ്റിയതായി പൊലീസ് പറഞ്ഞു.

Advertisement