ഹരിയാനയിലെ കുട്ടി ‘ഡോണ്‍’, 19 കാരനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസുമായി ഇന്‍റര്‍പോൾ

Advertisement

ചണ്ഡിഗഡ്: ഹരിയാനയിലെ 19 കാരനായ ഗുണ്ടാ തലവനെതിരെ ഇന്‍റര്‍ പോളിന്‍റ റെഡ് കോര്‍ണര്‍ നോട്ടീസ്. യോഗേഷ് കദ്യാന്‍ എന്ന ഗുണ്ടാനേതാവിനെതിരെയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ആയുധ നിയമം, കുറ്റകരമായ ഗൂഡാലോചന, കൊലപാതക ശ്രമം എന്നിവ അടക്കമുള്ള വകുപ്പുകളാണ് യോഗേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് യോഗേഷ് യുഎസിലേക്ക് ഒളിച്ച് കടന്നതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. നിരവധി ഗുണ്ടാ തലവന്മാര്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ടതായി എന്‍ഐഎ വിശദമാക്കുന്നു. ഇത്തരത്തില്‍ വ്യാജ പാസ്പോര്‍ട്ടിലാണ് യോഗേഷും രാജ്യം വിട്ടതെന്നാണ് നിരീക്ഷണം. ഹരിയാനയിലെ ഝാജര്‍ ജില്ലയില ഭേരി ഗ്രാമത്തിലാണ് യോഗേഷിന്റെ സ്വദേശമെന്നാണ് റെഡ് നോട്ടീസ് വിശദമാക്കുന്നത്.

ഇടത് കയ്യിലെ മറുകാണ് തിരിച്ചറിയാനായി നല്‍കിയിരിക്കുന്ന അടയാളം. ക്രിമിനല്‍ ഗൂഡാലോചന, കൊലപാതക ശ്രമം, ഒരേ ലക്ഷ്യത്തോടെ പലര്‍ കൂടിച്ചേര്‍ന്നുള്ള ഇടപെടലുകള്‍, ആയുധം കയ്യില്‍ വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്തതിനാണ് പത്തൊന്‍പതുകാരനെ ഇന്‍റര്‍ പോള്‍ തിരയുന്നത്. 6879 പേര്‍ക്കെതിരെയാണ് നിലവില്‍ ഇന്‍റര്‍ പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിട്ടുള്ളത്. ഇതില്‍ 202 പേരെയാണ് ഇന്ത്യയുടെ ആവശ്യപ്രകാരം റെഡ് കോര്‍ണര്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Advertisement