അച്ഛനെ ആശുപത്രിയിലെത്തിക്കാൻ 50 കിലോമീറ്റർ റിക്ഷ ചവിട്ടി 14കാരി; അടുത്തയാഴ്ച വരാൻ നിർദേശിച്ച് ഡോക്ടർമാർ

Advertisement

ഭുവനേശ്വർ: പരിക്കേറ്റ അച്ഛനെ ആശുപത്രിയിലെത്തിക്കാൻ 50 കിലോമീറ്റർ ട്രോളി റിക്ഷ ചവിട്ടി 14 വയസുകാരി. ഒഡിഷയിലെ ഭദ്രകിലുള്ള ജില്ലാ ആശുപത്രിയിൽ അച്ഛനെ എത്തിക്കാനായിരുന്നു പെൺകുട്ടിയുടെ കഠിന പരിശ്രമം.

ഒക്ടോബർ 23ന് ആയിരുന്നു സംഭവമെങ്കിലും വ്യാഴാഴ്ച ഈ പെൺകുട്ടി അച്ഛനെയും ട്രോളി റിക്ഷയിലിരുത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഭദ്രക് നഗരത്തിൽ വെച്ച് ചില നാട്ടുകാരുടെയും പ്രദേശിക മാധ്യമ പ്രവർത്തകരുടെയും ശ്രദ്ധയിൽപെടുകയായിരുന്നു.

ന‍ഡിഗാൻ ഗ്രാമത്തിൽ താമസിക്കുന്ന സുജാത സേഥിയെന്ന 14 വയസുകാരി ആദ്യം അച്ഛനെ ട്രോളി റിക്ഷയിൽ കയറ്റി തന്റെ ഗ്രാമത്തിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള ധാംനഗർ ആശുപത്രിയിലാണ് എത്തിച്ചത്. പ്രദേശത്ത് നടന്ന ഒരു അക്രമ സംഭവത്തിൽ സുജാതയുടെ പിതാവ് ശംഭുനാഥിന് ഗുരുതര പരിക്കേറ്റിരുന്നു. ചികിത്സ ലഭ്യമാക്കാൻ മറ്റ് വഴികളൊന്നും ഇല്ലാതെ വന്നതോടെയാണ് അച്ഛനെയും കൊണ്ട് ആദ്യം ധാംനഗർ ആശുപത്രിയിൽ എത്തിയത്.

എന്നാൽ ശംഭുനാഥിനെ പരിശോധിച്ച ഡോക്ടർമാർ ഉടൻ തന്നെ ഭദ്രക് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. ഇതോടെ 35 കിലോമീറ്റർ ട്രോളി റിക്ഷയിൽ സഞ്ചരിച്ച് ഒക്ടോബർ 23ന് ജില്ലാ ആശുപത്രിയിൽ എത്തി. അവിടെ ഡോക്ടർമാർ അച്ഛനെ പരിശോധിച്ച ശേഷം ഇപ്പോൾ വീട്ടിലേക്ക് മടങ്ങിപ്പോകാനും ഒരാഴ്ചയ്ക്ക് ശേഷം ശസ്ത്രക്രിയക്കായി മടങ്ങിവരാനും നിർദേശിക്കുകയായിരുന്നു എന്നാണ് സുജാത പറയുന്നത്.

വണ്ടി വിളിക്കാൻ പൈസയോ ആംബുലൻസ് വിളിക്കാൻ മൊബൈൽ ഫോണോ ഇല്ലാതിരുന്നതിനാൽ അച്ഛനെ ആശുപത്രിയിൽ എത്തിക്കാൻ ട്രോളി റിക്ഷ എടുത്തുകൊണ്ട് ഇറങ്ങുകയായിരുന്നു എന്നാണ് സുജാത പറഞ്ഞത്. വിവരമറിഞ്ഞ് ഭദ്രക് എംഎൽഎ സ‌ഞ്ജിബ് മല്ലികും ധാംനഗറിലെ മുൻ എംഎൽഎ രാജേന്ദ്ര ദാസും പെൺകുട്ടിയുടെ അടുത്തെത്തുകയും വേണ്ട സഹായങ്ങൾ നൽകാമെന്ന് അറിയിക്കുകയും ചെയ്തു.

23-ാം തീയ്യതി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് ഒരാഴ്ചയ്ക്ക് ശേഷം ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു എന്നാണ് ഭദ്രക് ചീഫ് ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ശാന്തനു പത്ര പറഞ്ഞത്. രോഗികളെ തിരികെ വീട്ടിലേക്ക് അയക്കാൻ ആംബുലൻസ് നൽകാൻ സംവിധാനം ഇല്ലാത്തതിനാൽ അദ്ദേഹം ചികിത്സ കഴിയുന്നത് വരെ ആശുപത്രിയിൽ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.