‘ഇന്ത്യ’ മാറ്റി ‘ഭാരത്’ ആക്കാൻ കേന്ദ്ര മന്ത്രിസഭയും; നിർദേശം നൽകിയത് റെയിൽവെ മന്ത്രാലയം

Advertisement

ന്യൂഡൽഹി: ‘ഇന്ത്യ’ എന്ന പേരിന് പകരം ‘ഭാരത്’ എന്നാക്കണമെന്ന നിർദേശവുമായി റെയിൽവെ മന്ത്രാലയം. കേന്ദ്ര ക്യാബിനറ്റിനാണ് പേരുമാറ്റം സംബന്ധിച്ച് നിർദേശം നൽകിയത്. ഭാരത് എന്ന പേര് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ക്യാബിനറ്റിന് മുൻപിൽ ആദ്യമായാണ് ഇത്തരത്തിൽ നിർദേശം എത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സർക്കാർ രേഖകളിൽ ഭാരത് എന്നായിരിക്കും ഉപയോഗിക്കപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യ, ഭാരത് എന്നീ പേരുകൾക്ക് ഒരുപോലെ പ്രധാന്യം ഭരണഘടനയിൽ പറയുന്നുണ്ടെന്നും അതിനാൽ ക്യാബിനറ്റ് ഭാരത് എന്ന് ഉപയോഗിക്കുന്നതിൽ യാതൊരു വിധ തെറ്റുമില്ലെന്നുമാണ് വിലയിരുത്തൽ. ജി 20 സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അത്താഴവിരുന്നിനായി തയാറാക്കിയ ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരമായി ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേശയ്ക്ക് മുൻപിലും ഭാരത് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എൻസിഇആർടി പുസ്തകങ്ങളിലും ഭാരത് എന്ന് ഉപയോഗിക്കാൻ നിർദേശമുണ്ടായിരുന്നു.

സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാനായിരുന്നു ശുപാർശ. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടു മലയാളിയായ പ്രഫ.സി.ഐ.ഐസക് അധ്യക്ഷനായ, എൻസിഇആർടിയുടെ സോഷ്യൽ സയൻസ് സമിതി സമർപ്പിച്ച നിലപാടു രേഖയിലാണ് പേരുമാറ്റത്തിനുള്ള നിർദേശമുള്ളത്.

നരേന്ദ്ര മോദി സർക്കാർ അടുത്തിടെ ഭാരത് എന്ന് പേര് വ്യാപകമായി ഉപയോഗിച്ചുവരികയാണ്. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തി.

Advertisement