രോഗിയായ അമ്മയെ നിരന്തരം മർദിച്ച് അഭിഭാഷകനായ മകനും മരുമകളും കൊച്ചുമകനും, ക്രൂരത സിസിടിവിയിൽ പതിഞ്ഞു, അറസ്റ്റ്

Advertisement

ചണ്ഡിഗഢ്: 73 വയസ്സുള്ള രോഗിയായ അമ്മയെ ക്രൂരമായി മർദിച്ച അഭിഭാഷകൻ അറസ്റ്റിൽ. മകനും മരുമകളും കൊച്ചുമകനും എത്ര നിർദയമായാണ് വയോധികയോട് പെരുമാറിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെയാണ് പൊലീസ് നടപടിയെടുത്തത്. എന്നാൽ താൻ അമ്മയെ പരിചരിക്കുകയാണ് ചെയ്തതെന്നാണ് അഭിഭാഷകൻറെ വാദം.

പഞ്ചാബിലെ രൂപ്‍നഗറിലെ ആശാ റാണിക്കാണ് താൻ വളർത്തി വലുതാക്കി പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച മകനിൽ നിന്ന് ക്രൂരത നേരിടേണ്ടിവന്നത്. വയോധികയുടെ ഭർത്താവ് അടുത്തിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. മകൻ അങ്കുർ വർമയും മകൻറെ ഭാര്യയായ സുധയും കൊച്ചുമകനും തന്നെ മർദിക്കാറുണ്ടെന്ന് ആശാ റാണി മകൾ ദീപ്‍ശിഖയോട് പറഞ്ഞു. ആശാ റാണിയുടെ മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ദീപ്‍ശിഖ കണ്ടു. ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടിപ്പോയി.

ആശാ റാണിയുടെ കൊച്ചുമകൻ മെത്തയിൽ വെള്ളം ഒഴിക്കുന്നതും എന്നിട്ട് ആശാ റാണിയാണ് ഇത് ചെയ്തതെന്നും പരാതിപ്പെടുന്നതാണ് ഒരു ദൃശ്യത്തിലുള്ളത്. പിന്നാലെ അങ്കുറും സുധയും മുറിയിലെത്തി. അങ്കുർ ആക്രോശിച്ചുകൊണ്ട് അമ്മയെ മർദിച്ചു. വേദന സഹിക്കാനാവാതെ വയോധിക ഉച്ചത്തിൽ കരഞ്ഞു. മറ്റൊരു വീഡിയോയിൽ സുധ ആശാ റാണിയെ തല്ലുന്നതാണുള്ളത്. കൊച്ചുമകൻ വയോധികയെ വലിച്ചിഴയ്ക്കുന്നതാണ് വേറൊരു വീഡിയോയിലുള്ളത്. സെപ്തംബർ 19, ഒക്‌ടോബർ 21, ഒക്ടോബർ 24 തിയ്യതികളിലെ വീഡിയോ ആണ് പുറത്തുവന്നത്.

മകൾ ദീപ്‌ശിഖയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘവും സന്നദ്ധ പ്രവർത്തകരും എത്തിയാണ് ആശാ റാണിയെ രക്ഷിച്ചത്. മാനസിക നില തകരാറിലായ അമ്മയെ താൻ സഹായിക്കുകയായിരുന്നു എന്നാണ് അങ്കുർ പൊലീസിനോട് പറഞ്ഞത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അങ്കുറിനെ അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമത്തിലെ സെക്ഷൻ 24 പ്രകാരമാണ് കേസെടുത്തത്. സ്വത്ത് തട്ടിയെടുക്കാൻ ശ്രമം, അന്യായമായി തടവിലാക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി.

Advertisement