എൻസിപി എംഎൽഎയുടെ വീടിന് തീയിട്ട് മറാഠ സംവരണ അനുകൂലികൾ, കാറും തകർത്തു

Advertisement

മുംബൈ: മറാഠ സംവരണ വിഷയം വീണ്ടും ചർച്ചയാകുന്നതിനിടെ മഹാരാഷ്ട്രയിലെ എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ വീട് കത്തിച്ച് സംവരണ അനുകൂലികൾ. ബീഡ് ജില്ലയിലുള്ള പ്രകാശ് സോളങ്കെയുടെ വസതിക്കാണ് തീയിട്ടത്. മറാഠ സംവരണത്തിനായി സമുദായ നേതാവ് മനോജ് ജരാങ്കെ നടത്തുന്ന നിരാഹാര സമരത്തിനെതിരെ സോളങ്കെ നടത്തിയ പ്രസ്താവനയാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

സോളങ്കെയുടെ വീടിന് പുറത്തു പാർക്ക് ചെയ്തിരുന്ന വാഹനം പ്രതിഷേധക്കാർ കല്ലെറിഞ്ഞ് കേടുവരുത്തുകയും ചെയ്തു. വെള്ള പെയിന്റടിച്ച ബഹുനില വീടിന്റെ മുൻഭാഗം പൂർണമായും കത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. പ്രദേശമാകെ വൻ തോതിൽ കറുത്ത പുക ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. ‘‘ആക്രമണം നടക്കുമ്പോൾ ഞാൻ എന്റെ വീടിനുള്ളിലായിരുന്നു. ഭാഗ്യവശാൽ, എന്റെ കുടുംബത്തിനോ ജീവനക്കാർക്കോ പരുക്കേറ്റില്ല. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്, പക്ഷേ വലിയ നാശനഷ്ടമുണ്ടായി.’’ – പ്രകാശ് സോളങ്കെയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

മറാഠ സംവരണത്തിനായുള്ള സമരത്തെ തുടർന്നു തിങ്കളാഴ്ച പുണെയിൽ നടക്കുന്ന ശ്രീലങ്ക–അഫ്ഗാനിസ്ഥാൻ ഏകദിന ലോകകപ്പ് മത്സരത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. മത്സരം കാണുന്നതിന് കറുത്ത വസ്ത്രം ധരിച്ച എത്തിയവരെ എല്ലാം പൊലീസ് പരിശോധനയ്ക്കുശേഷം തിരിച്ചയച്ചു.

മറാഠ സംവരണം സംബന്ധിച്ച് നേരത്തേ നൽകിയ വാക്ക് സർക്കാർ പാലിക്കാതെ വന്നതോടെ സമുദായ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പുനരാരംഭിച്ച നിരാഹാരസമരത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. മുംബൈയിൽ നിന്നു 400 കിലോമീറ്റർ അകലെ ജൽനയിലുള്ള നിരാഹാര പന്തലിലേക്ക് സമരത്തെ പിന്തുണയ്ക്കുന്നവരുടെ പ്രവാഹമാണ്.

ഓഗസ്റ്റിൽ ജരാങ്കെ പാട്ടീൽ ആരംഭിച്ച സംവരണസമരം സംസ്ഥാനം മുഴുവൻ വ്യാപിച്ചതോടെ പ്രതിരോധത്തിലായ സർക്കാർ ഒക്ടോബർ 24നകം പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. തുടർന്ന് സെപ്റ്റംബർ 14ന് സമരം പിൻവലിക്കുകയായിരുന്നു. സർക്കാരിന് അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും സംവരണം നടപ്പാക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാരം പുനരാരംഭിച്ചത്.

സംസ്ഥാന ജനസംഖ്യയുടെ 32% വരുന്ന പ്രബല സമുദായമാണ് മറാഠകൾ. ഭൂസ്വത്തുക്കൾ ഏറെയുള്ള മറാഠ വിഭാഗക്കാരിൽ മിക്കവരുടെയും പ്രധാന വരുമാനമാർഗം കൃഷിയാണ്. എന്നാൽ, വരൾച്ചയും വിളനാശവും മൂലം കാർഷിക മേഖലയിൽ ഏറെക്കാലമായുള്ള പ്രതിസന്ധി ഇവരുടെ ജീവിതം ദുഷ്കരമാക്കി.

സംസ്ഥാനവ്യാപകമായി ഉയർന്ന പ്രക്ഷോഭത്തെത്തുടർന്ന് 2018ൽ സംസ്ഥാന സർക്കാർ സംവരണം പ്രഖ്യാപിച്ചെങ്കിലും പിന്നീട് സുപ്രീം കോടതി ഇതു റദ്ദാക്കിയിരുന്നു. ഓഗസ്റ്റിൽ ജരാങ്കെ പാട്ടീൽ ജൽനയിൽ നിരാഹാരസമരം ആരംഭിച്ചതോടെയാണ് സംവരണസമരം വീണ്ടും ശക്തമായിരിക്കുന്നത്. മറാഠകളിൽ ഒരു വിഭാഗത്തെ ഒബിസി വിഭാഗത്തിൽപെടുത്തി പ്രക്ഷോഭം തണുപ്പിക്കാൻ അടുത്തയിടെ സർക്കാർ ശ്രമിച്ചെങ്കിലും അതിനെതിരെ ഒബിസി സംഘടനകൾ രംഗത്തിറങ്ങുകയായിരുന്നു.

Advertisement