തിരുവനന്തപുരം മുതൽ ജമ്മു കശ്മീർ വരെ പോകാൻ എത്ര രൂപ വേണം? ലക്ഷക്കണക്കിന് രൂപയൊന്നും ചെലവാക്കേണ്ട ആവശ്യമില്ല. വെറും മുപ്പതിനായിരം രൂപയിൽ താഴെ ചെലവിൽ, തെക്ക് മുതൽ അങ്ങ് വടക്കുവരെയുള്ള പ്രധാനകാഴ്ചകൾ സിംപിളായി കണ്ടുവരാം, അതും ട്രെയിനിൽ. സഞ്ചാരികൾക്കായി പതിമൂന്നു ദിവസത്തെ ആവേശകരമായ യാത്രാപാക്കേജ് ഒരുക്കിയിരിക്കുകയാണ് ഐ ആർ സി ടി സി.
കുറഞ്ഞ ചെലവിൽ ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്ന ഭാരത് ഗൗരവ് ട്രെയിനിലെ 3 എസി, സ്ലീപ്പർ ക്ലാസുകളിലായിരിക്കും യാത്ര. “നോർത്ത് വെസ്റ്റേൺ ഡിലൈറ്റ് വിത്ത് വൈഷ്ണോദേവി” എന്നാണ് ഈ പാക്കേജിൻറെ പേര്. 12 രാത്രികളും 13 പകലുകളും നീളുന്ന യാത്ര നവംബർ 19ന് ആരംഭിക്കും. ഡിസംബർ ഒന്നിനാകും മടങ്ങിയെത്തുക. നിലവിൽ 544 സ്റ്റാൻഡേർഡ് സീറ്റുകളും 210 കംഫർട്ട് സീറ്റുകളുമടക്കം മൊത്തം 754 സീറ്റുകളാണ് ട്രെയിനിൽ ഉള്ളത്.
സ്ലീപ്പർ ക്ലാസ്, ട്രാൻസ്ഫർ ചെയ്യാനുള്ള നോൺ എസി വാഹനങ്ങൾ, രാത്രി തങ്ങുന്ന സ്ഥലങ്ങളിൽ താമസിക്കാൻ ട്രിപ്പിൾ ഷെയറിങ് അടിസ്ഥാനത്തിൽ എസി മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഉള്ള സ്റ്റാൻഡേർഡ് സീറ്റ് ബുക്ക് ചെയ്യാൻ മുതിർന്നവർക്ക് 26,310 രൂപയും 5-11 വയസുള്ള കുട്ടികൾക്ക് 24,600 രൂപയുമാണ് നിരക്ക്. ട്രെയിനിലെ എസി 3 ടയർ യാത്ര, ട്രാൻസ്ഫറുകൾക്കായി നോൺ എസി വാഹനങ്ങൾ, ട്രിപ്പിൾ ഷെയറിങ് അടിസ്ഥാനത്തിൽ രാത്രി താമസത്തിനായി ബജറ്റ് ഹോട്ടലുകളിൽ എസി മുറികൾ എന്നിവയാണ് കംഫർട്ട് സീറ്റുകൾക്ക് നൽകുന്ന സൗകര്യങ്ങൾ. ഇതിന് മുതിർന്നവർക്ക് 39,240 രൂപയും കുട്ടികൾക്ക് 37,530 രൂപയുമാണ് നിരക്ക്.
രാവിലെ ചായ, വെജിറ്റേറിയൻ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ സഹായങ്ങൾക്കായി ഐആർസിടിസി ടൂർ മാനേജർമാർ ട്രെയിനിൽ ഉണ്ടാകും. സ്മാരകങ്ങൾക്കുള്ള പ്രവേശന ഫീസ്, ടൂർ ഗൈഡിൻറെ സേവനം എന്നിവ പാക്കേജിൻറെ ഭാഗമല്ല.
കേരളത്തിലെ കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ ജങ്ഷൻ, കോഴിക്കോട്, കണ്ണൂർ, എന്നിവിടങ്ങളിലും മംഗളൂരുവിലും ബോർഡിങ്, ഡീബോർഡിങ് പോയിൻറുകൾ ഉണ്ടാകും.
അഹമ്മദാബാദ്, സ്റ്റാച്യു ഓഫ് യൂണിറ്റി, ജയ്പൂർ, വൈഷ്ണോദേവി, അമൃത്സർ എന്നിവിടങ്ങളിൽ യാത്രക്കാർ സന്ദർശനം നടത്തും. അഹമ്മദാബാദിൽ സബർമതി ആശ്രമം, അക്ഷർധാം, മൊധേര സൂര്യക്ഷേത്രം, അദ്ലെജ് സ്റ്റെപ്പ് വെൽ എന്നിവിടങ്ങളിൽ കൊണ്ടുപോകും. ജയ്പൂരിലെ സിറ്റി പാലസ്, ഹവാ മഹൽ, അമേർ ഫോർട്ട് എന്നിവയും അമൃത്സറിൽ സുവർണ്ണ ക്ഷേത്രം, ജാലിയൻ വാലാബാഗ്, വാഗാ അതിർത്തി എന്നിവയും സന്ദർശിക്കും.