20, 200, ഇപ്പോൾ 400 കോടി ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് ഇമെയിൽ ഭീഷണി!

Advertisement

മുംബൈ: 400 കോടി ആവശ്യപ്പെട്ട് റിലയൻസ് ചെയർമാന്‍ മുകേഷ് അംബാനിക്ക് ഭീഷണിക്കത്ത്. തിങ്കളാഴ്ചയാണ് അംബാനിയുടെ കമ്പനിയിലേക്ക് ഇമെയിൽ ഭീഷണി എത്തിയത്. നാലു ദിവസത്തിനിടെ മുകേഷ് അംബാനിക്കു ലഭിക്കുന്ന മൂന്നാമത്തെ ഇമെയിൽ ഭീഷണിയാണെന്നു കമ്പനി അധികൃതർ അറിയിച്ചു.

20 കോടി ആവശ്യപ്പെട്ടായിരുന്നു ആദ്യത്തെ ഇമെയിൽ സന്ദേശം. ഇതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ചയായിരുന്നു ആദ്യത്തെ ഇമെയിൽ ഭീഷണി സന്ദേശം എത്തിയത്. ശനിയാഴ്ച 200 കോടി രൂപ ആവശ്യപ്പെട്ട് രണ്ടാമത്തെ സന്ദേശവും എത്തി.

തിങ്കളാഴ്ചയാണ് മൂന്നാമത്തെ സന്ദേശം എത്തിയത്. ഇരട്ടിത്തുകയാണ് അവസാനത്തെ ഭീഷണി സന്ദേശത്തിൽ ആവശ്യപ്പെട്ടതെന്നും കമ്പനിയുടെ ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം തുടരുകയാണ്.

മുകേഷ് അംബാനിക്കും കുടുംബത്തിനും എതിരെ വധഭീഷണി മുഴക്കിയ ബിഹാർ സ്വദേശിയെ കഴിഞ്ഞവർഷം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ റിലയൻസ് ആശുപത്രിക്കുനേരെയും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.

Advertisement