ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം അനുവദിച്ച് ആന്ധ്ര ഹൈക്കോടതി. സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ അഴിമതിക്കേസിലാണ് നായിഡുവിന് കോടതി ജാമ്യം അനുവദിച്ചത്. നാല് ആഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം നൽകണമെന്ന നായിഡുവിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
സ്ഥിരം ജാമ്യം തേടിയുള്ള നായിഡുവിന്റെ അപേക്ഷയിൽ കോടതി നവംബർ 9ന് വാദം കേൾക്കും. സെപ്റ്റംബർ 9നാണ് നായിഡുവിനെ ആന്ധ്ര സിഐഡി അറസ്റ്റ് ചെയ്തത്. ഇതിനിടെ നായിഡുവിനെതിരെ മറ്റൊരു കേസ് കൂടി ആന്ധ്ര സിഐഡി രജിസ്റ്റർ ചെയ്തു. ഹൈക്കോടതി ജാമ്യാപേക്ഷയിൽ വിധി പറയുന്നതിന് മുമ്പായാണ് മറ്റൊരു അഴിമതിക്കേസ് സിഐഡി രജിസ്റ്റർ ചെയ്തത്.