ന്യൂ ഡെൽഹി : ഉദ്വേഗം നിറഞ്ഞ മണിക്കുറുകളായിരുന്നു ഇന്ന് പുലർച്ചെ രാജ്യ തലസ്ഥാനത്ത്. ദില്ലി മദ്യനയ അഴിമതിക്കേസ്സിൽ ഇഡിയുടെ ചോദ്യം ചെയ്യലിനൊടുവിൽ
മുഖ്യമന്ത്രി അരവിന്ദ് നെകേജറിവാളിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹം പരന്നതോടെയാണ് രാജ്യത്തിൻ്റെ ആകെ ശ്രദ്ധ ദില്ലിക്കൊപ്പമായത്.ഇ ഡി നടപടിയിൽ ആം ആദ്മി പ്രതിഷേധം കൂടി ശക്തിപ്പെടുത്താൻ തീരുമാനിച്ചതോടെ ദില്ലി കനത്ത പോലീസ് ബന്തവസ്സിലായി. മുഖ്യമന്ത്രിയുടെ വീട്ടിലും പരിസരത്തും സുരക്ഷ കൂട്ടി.വാർത്ത തേടിയെത്തിയ വമ്പൻ മാധ്യമപ്പടയെ കർശന പരിശോധനയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ വീടിന് സമീപത്തേക്ക് അയച്ചത്. പിരിമുറുക്കവും, അഭ്യൂഹവും ശക്തിപ്പെടുന്നതിനിടെ രാവിലെ 9 മണിയോടെ മുഖ്യമന്ത്രിയുടെ കത്ത് ഇഡിക്ക് കിട്ടി.
ചോദ്യം ചെയ്യലിനായുള്ള ഇ ഡി നോട്ടീസ് നിയമവിരുദ്ധമാണെന്നും നോട്ടീസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് കെജ്രിവാൾ ഇ ഡിക്ക് കത്ത് നൽകിയത്. ബിജെപിയുടെ നിർദേശ പ്രകാരമാണ് നോട്ടീസ് അയച്ചതെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് തടയാനാണ് നോട്ടീസെന്നും കെജ്രിവാൾ കത്തിൽ ആരോപിച്ചു.
ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കെജ്രിവാളിനെ ഇഡി വിളിപ്പിച്ചത്. സാമ്പത്തിക ഇടപാട് നടന്നതായി പ്രാഥമിക സ്ഥിരീകരണമുണ്ടെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ഇ ഡിയുടെ നീക്കം. അതേസമയം ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദിന്റെ വസതിയിൽ ഇ ഡി റെയ്ഡ് നടത്തുകയാണ്. സിവിൽ ലൈനിലെ വസതിയിലാണ് പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.