ന്യൂഡെല്‍ഹി . പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പിനെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ചീഫ് സെക്രട്ടറി ഡോ. വി. വേണു നവംബർ 10 -ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സുപ്രീം കോടതി നടപടികളെ സർക്കാർ ലാഘവത്തോടെ എടുക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.
പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ജോയന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ നൽകിയ ഹർജി പരിഗണിക്കുന്ന ഘട്ടത്തിലാണ് സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്.
2021 ഏപ്രിൽ 30-ന് ലഭിച്ച റിപ്പോർട്ടിനെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതി പഠിക്കുന്നതിനാൽ പകർപ്പ് നൽകാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് കൈമാറുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ സമയം തേടിയശേഷം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതിനെ കോടതി വിമർശിച്ചു.
2021 ഏപ്രിലിൽ ലഭിച്ച റിപ്പോർട്ടിൽ ഇതുവരെ തീരുമാനമെടുക്കാത്ത സർക്കാർ, സുപ്രീം കോടതി നടപടികളെ മറികടക്കാനാണോ ശ്രമിക്കുന്നതെന്നു കോടതി ആരാഞ്ഞു.
ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.
പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പ് ഹർജിക്കാർക്ക് കൈമാറിയാൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടതില്ല.മന്ത്രിസഭാ രേഖകളുടെ പരിധിയിൽ വരുന്നതെന്ന് പറഞ്ഞ് റിപ്പോർട്ട് അനന്തമായി രഹസ്യമാക്കി വെക്കാൻ കഴില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വിമർശനം അഭിഭാഷകർക്കെതിരെയല്ലെന്നും മുഖ്യമന്ത്രിക്കെതിരെയാണെന്നും, ഹർജിക്കാർക്ക് പകർപ്പ് ലഭിക്കണമെന്നതാണ് അഭിപ്രായമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.