ബസിന്റെ ഡോറില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ നടിയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പ്രചരിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.
ചെന്നൈയിലെ കെറുമ്പാക്കത്ത് കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. കുണ്ട്രത്തൂര് നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന ബസില്‍ അപകടകരമായ രീതിയില്‍ തൂങ്ങി നിന്നുകൊണ്ട് വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട രഞ്ജന കാറില്‍ ബസ്സിനെ പിന്തുടര്ന്നു.
ബസ് നിര്‍ത്തിച്ച് തൂങ്ങി നിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ പിടിച്ചിറക്കി. കൂട്ടത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ തുടര്‍ച്ചയായി മര്‍ദിക്കുന്നതും വിഡിയോയിലുണ്ട്. വിദ്യാര്‍ത്ഥികള്‍ ഈ രീതിയില്‍ യാത്രചെയ്യുന്നത് നിങ്ങള്‍ക്ക് തടയാമായിരുന്നില്ലേ എന്ന് രഞ്ജന ഡ്രൈവറോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. മാങ്കാട്ട് പൊലീസാണ് രഞ്ജനയെ അവരുടെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
രഞ്ജനയുടെ അറസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. രഞ്ജന കുട്ടികളെ മര്‍ദിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. നിയമം കയ്യിലെടുക്കാന്‍ നിങ്ങളാരാണ് എന്നാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഇത്തരം പ്രവര്‍ത്തികളെ തടയേണ്ടതുണ്ട് എന്ന് പറയുന്നവരുമുണ്ട്. അണ്ണാത്തേ, തുപ്പറിവാളന്‍, ഇരുമ്പുതിരൈ, നട്പേ തുണൈ, ഡയറി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രഞ്ജന.