ചത്തിസ്ഗഡില്‍ ബിജെപി നേതാവിനെ യോഗത്തിനിടെ മാവോയിസ്റ്റുകാർ പരസ്യമായി വെട്ടിക്കൊലപ്പെടുത്തി

Advertisement

റായ്പൂര്‍ . തിരഞ്ഞെടുപ്പിന് മൂന്നുദിവസം ബാക്കി നില്‍ക്കെ ചത്തിസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകാർ വെട്ടി കൊലപ്പെടുത്തി.നാരായൺപൂർ ബിജെപി ജില്ലാ ഉപാധ്യക്ഷൻ രത്തൻ ദുബെയ് ആണ് കൊല്ലപ്പെട്ടത്.കൗശൽനറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ദുബെയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. തെരുവില്‍ യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ രണ്ടുമൂന്നുപേരെത്തി അദ്ദേഹത്തെ തലയ്ക്ക് വെട്ടുകയായിരുന്നു. സ്വന്തം കാറിലേക്ക് ഓടാന്‍ ശ്രമിച്ച അദ്ദേഹത്തെ മറ്റു ചിലര്‍ തടഞ്ഞു ഇതിനിടെ അക്രമികള്‍ വളഞ്ഞിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കാൻ മൂന്നുദിവസം ബാക്കി നിൽക്കെയാണ് സംഭവം. കോണ്‍ഗ്രസ് ഭരണത്തിന്‍റെ ബാക്കിപത്രമാണ് അക്രമമെന്നാണ് ബിജെപിയുടെ ആക്ഷേപം. സംഭവ സ്ഥലത്ത് നിന്നും മഴു പോലീസ് കണ്ടെടുത്തു.മാവോയിസ്റ്റ് ആക്രമണം ആണോ ഇതിന്പിന്നിൽ എന്ന് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കുവാൻ കഴിയൂ എന്ന് ബസ്തർ ഐ.ജി. സുന്ദർരാജ് പറഞ്ഞു. പ്രദേശത്ത് കൂടുതൽ പരിശോധന പോലീസ് നടത്തിവരികയാണ്.അർദ്ധ സൈനിക വിഭാഗത്തിന്റെ സഹായത്തോടെ പോലീസ് ഈ പ്രദേശത്തെ വനമേഖല കേന്ദ്രീകരിച്ച് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ഒക്ടോബർ 20ന് ബിജെപി പ്രവർത്തകൻ ബിർജു തറം വെടിവെയ്പ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ ദൂബെയുടെ കൊലപാതകവും.നവംബർ ഏഴിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലും സിആർപിഎഫിനെ ഉൾപ്പെടെ വിന്യസിച്ചുകൊണ്ട് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.