ന്യൂഡെല്‍ഹി.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാമിലും ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലും പരസ്യപ്രചാരണം അവസാനിച്ചു.മറ്റന്നാൾ ഛത്തീസ്ഗഡിലെ മണ്ഡലങ്ങളും മിസോറാമും ജനവിധി തേടും.മിസോറാമിൽ ഇത്തവണ കനത്ത ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.രാജസ്ഥാനിൽ ബിജെപി അഞ്ചാം ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചു.
കനത്ത സുരക്ഷാ വലയത്തിലാണ് ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലും നവംബർ 7ന് വോട്ടെടുപ്പ് നടക്കുക.ആദ്യഘട്ട വോട്ടെടുപ്പിന് രണ്ടുനാൾ ശേഷിക്കെ സുഖ്മയിൽ ഐഇഡി സ്ഥാപിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായാണ് വിവരം.ഒറ്റപ്പെട്ട മാവോയിസ്റ്റ് ആക്രമണങ്ങൾ നേരിയ ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.മാവോയിസ്റ്റ് ബാധിത ബസ്തര്‍ മേഖലയിലെ 40 ഗ്രാമങ്ങളില്‍ ആദ്യമായി പോളിങ് ബൂത്തുകള്‍ തയ്യാറാക്കി എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ രാജ്‌നന്ദ്ഗാവിൽ നിന്ന് ജനവിധി തേടും.
മഹാദേവ് ബെറ്റിംഗ് ആപ്പ് കേസിലെ ഇ.ഡിവെളിപ്പെടുത്തലാണ് കോൺഗ്രസിനെതിരായ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധം.പ്രതിസന്ധികൾ നിലനിൽക്കെ കോൺഗ്രസ് വിജയപ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനം കൂടിയാണ് ഛത്തീസ്ഗഡ്.മിസോറാമിൽ മണിപ്പൂർ കലാപമായിരിക്കും തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുക.മിസോറാമിൽ 17 മുതൽ 21 സീറ്റ് വരെ എം എൻ എഫ് നേടുമെന്നാണ് എ ബി പി c വോട്ടർ സർവ്വേ പ്രവചനം.കോൺഗ്രസിന് തിരിച്ചുവരവിന്റെ സാധ്യതകളും സർവ്വേകൾ പ്രവചിക്കുന്നു.5 പതിറ്റാണ്ടോളം ഭരിച്ച കോൺഗ്രസ് ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മധ്യപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു.രാജസ്ഥാനിൽ ബിജെപി അഞ്ചാം ഘട്ട പട്ടികയിൽ15 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.വസുന്ധര രാജെയുടെ വിശ്വസ്തൻ പ്രഹ്ളാദ് ഗുഞ്ചൽ കോട്ട നോർത്തിൽ നിന്ന് മൽസരിക്കും.