വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ പ്ലാറ്റ്ഫോമിലേക്ക് ട്രാൻസ്‌പോർട്ട് ബസ് ഇടിച്ചുകയറി മൂന്നു പേർക്ക് ദാരുണാന്ത്യം. രണ്ടു പേർക്ക് പരുക്കേറ്റു. വിജയവാഡയിലെ പണ്ഡിറ്റ് നെഹ്‌റു ബസ് സ്റ്റേഷനിൽ ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ (എപിഎസ്ആർടിസി) ബസാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെ 8:20ഓടെയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഡ്രൈവർ ബസ് റിവേഴ്‌സ് എടുക്കുന്നതിനു പകരം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ, പാർക്ക് ചെയ്തിരുന്ന ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുന്നതും പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറുന്നതും കാണാം. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഇരിപ്പിടങ്ങളും അപകടത്തിൽ തകർന്നു. 12-ാം നമ്പർ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. രണ്ടു പേർ സംഭവസ്ഥലത്തും 18 മാസം പ്രായമുള്ള പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
സംഭവത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പരുക്കേറ്റ രണ്ടു പേരുടെയും ചികിത്സാ ചെലവ് എപിഎസ്ആർടിസി വഹിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഓപറേഷൻസ്) എ.കോട്ടേശ്വർ റാവു പറഞ്ഞു.