‘പുലിക്കളി’ സംഘത്തിന്റെ നേതാവിനെ വെട്ടിക്കൊന്നു; കൊലപാതകം വാഹനാപകടത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ

Advertisement

മംഗളൂരു: കർണാടകയിലെ പ്രമുഖ പുലിക്കളി സംഘത്തിന്റെ നേതാവിനെ വെട്ടിക്കൊന്നു. ടൈഗേർസ് കല്ലേഗ സംഘത്തിന്റെ നേതാവായ അക്ഷയ് (26) ആണ് തിങ്കളാഴ്ച അർധരാത്രി കൊല്ലപ്പെട്ടത്.

തിങ്കൾ രാത്രി 11.30നായിരുന്നു സംഭവം. ഒരു സംഘമാളുകൾ പുത്തൂരിലെ നെഹ്‌റു നഗറിലേക്ക് വിളിച്ചു വരുത്തിയ ശേഷം അക്ഷയിയെ വാൾ കൊണ്ട് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ ശേഷം റോഡിലൂടെ ഓടിയ അക്ഷയിയെ സംഘം പിന്തുടർന്ന് വീണ്ടും വെട്ടി. ഗുരുതര പരിക്കേറ്റ അക്ഷയ് ചോര വാർന്ന് മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മനീഷ്, ചേതൻ എന്നീ യുവാക്കളെ കസ്റ്റഡിയിൽ എടുത്തെന്ന് പൊലീസ് അറിയിച്ചു.

തിങ്കൾ വൈകുന്നേരം വാഹനങ്ങൾ കൂട്ടിമുട്ടിയതുമായി മനീഷിന്റെയും ചേതന്റെയും സംഘവുമായി അക്ഷയിക്ക് വാക്ക് തർക്കമുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയതെന്ന് കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൊലപാതകത്തിൽ രണ്ടുപേർക്ക് കൂടി പങ്കുണ്ടെന്നും ഇവർക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലെ പ്രമുഖ പുലിക്കളി സംഘമാണ് ടൈഗേർസ് കല്ലേഗ. ആറ് വർഷം മുൻപാണ് അക്ഷയിയുടെ നേതൃത്വത്തിൽ ഒരുകൂട്ടം യുവാക്കൾ ടൈഗേർസ് കല്ലേഗ രൂപീകരിച്ചത്. റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയരാണ് ടൈഗേർസ് കല്ലേഗ.