പിഡീപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ പോക്‌സോ കേസ് റദ്ദാക്കാനാവുമോയെന്ന വിഷയം വിശാല ബെഞ്ചിനു വിട്ട് ഹിമാചല്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഇക്കാര്യം ചീഫ് ജസ്റ്റിസിനു റഫര്‍ ചെയ്യുന്നതായി, കേസ് റദ്ദാക്കാനുള്ള പോക്‌സോ കേസ് പ്രതിയുടെ അപേക്ഷ നിരസിച്ചുകൊണ്ട് ജസ്റ്റിസ് വീരേന്ദര്‍ സിങ് പറഞ്ഞു.
സമാനമായ ഹര്‍ജികളില്‍ ഹൈക്കോടതി തന്നെ കേസുകള്‍ റദ്ദാക്കിയിട്ടുള്ള പശ്ചാത്തലത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ക്രിമിനല്‍ കേസില്‍
കക്ഷികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പ് അംഗീകരിക്കാനാവില്ലെന്നും ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുറ്റവാളികളെ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ 2020 മുതലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കുറ്റാരോപിതന്‍ കോടതിയെ സമീപിച്ചത്. പീഡനത്തിനിരയായ ഇരയായ കുട്ടിയും ഹര്‍ജിക്കാരനും കുട്ടിക്കാലം മുതല്‍ പ്രണയത്തിലായിരുന്നുവെന്ന് കോടതിയെ അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ച് 9 ന് ഇരുവരുടേയും വിവാഹം കഴിഞ്ഞുവെന്നും ഇവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ജസ്റ്റിസ് വീരേന്ദര്‍ സിംഗ് ഇതിനോട് വിയോജിക്കുകയാണുണ്ടായത്. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളില്‍ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കുന്ന സമ്പ്രദായം സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്.
ഇത്തരം നീക്കങ്ങള്‍ പോക്‌സോ നിയമം പോലെയുള്ള പ്രത്യേക നിയമത്തിന്റെ ലക്ഷ്യത്തെ ഇല്ലാതാക്കും. ഇരയായ കുട്ടിയും അവളുടെ മാതാപിതാക്കളും പ്രതികളുമായി നടത്തിയ ഒത്തുതീര്‍പ്പ് അപ്രസക്തമാണ്.പൊലീസിനെ അറിയിച്ച് ക്രിമിനല്‍ സംവിധാനത്തെ പ്രവര്‍ത്തനക്ഷമമാക്കിയ ശേഷം പരാതിക്കാരന്റെ പങ്ക് അവസാനിക്കുന്നുവെന്നും കോടതി പറഞ്ഞു.