മഹുവയെ പുറത്താക്കണമെന്ന ശുപാർശ 6:4ന് അംഗീകരിച്ച് എത്തിക്‌സ് കമ്മിറ്റി; നടപടിയെ അനുകൂലിച്ച് കോൺഗ്രസ് എംപിയും

Advertisement

ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന വിവാദത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രയെ പാർലമെന്റിൽനിന്നു പുറത്താക്കണമെന്ന ശുപാർശ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി നാലിനെതിരെ ആറ് വോട്ടുകൾക്ക് അംഗീകരിച്ചു. ആറംഗങ്ങൾ ശുപാർശയെ അനുകൂലിച്ചു. നാലു പേർ എതിർത്ത് വോട്ട് ചെയ്തു.

കോൺഗ്രസ് എംപിയും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയുമായ പ്രണീത് കൗറും മഹുവയെ പുറത്താക്കുന്നതിനെ അനുകൂലിച്ചവരിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. എത്തിക്സ് കമ്മറ്റിയുടെ റിപ്പോർട്ട് നാളെ സ്പീക്കർ ഓം ബിർലയ്ക്ക് കൈമാറും. ശൈത്യകാല സമ്മേളനത്തിൽ ഇത് പാർലമെന്റിൽ വച്ചേക്കും. ചർച്ചയ്ക്കു ശേഷമാകും നടപടി സ്വീകരിക്കുക.

മഹുവയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാൻ അനുവദിക്കരുതെന്നുമാണ് പാർലമെന്ററി എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. 500 പേജുള്ള റിപ്പോർട്ടിൽ മഹുവയുടെ പ്രവൃത്തികൾ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അർഹിക്കുന്നതുമാണെന്നും വിഷയത്തിൽ എത്രയും വേഗത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും നിർദേശിക്കുന്നുണ്ട്. അനധികൃതമായി ഉപയോഗിക്കാൻ പാർലമെന്ററി യൂസർ ഐഡി വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി മഹുവ പങ്കുവച്ചെന്നും ഇതിനായി പണവും മറ്റു വസ്തുക്കളും സ്വീകരിച്ചെന്നും കണ്ടെത്തിയതായി കമ്മിറ്റി പറയുന്നു. കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മഹുവ നടത്തിയിരിക്കുന്നതെന്നും കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ചോർന്നെന്ന് ആരോപിച്ച് മഹുവ സ്പീക്കർ ഓം ബിർലയ്ക്ക് കത്തയച്ചു. ലോക്സഭയുടെ എല്ലാ നിയമങ്ങളും നടപടിക്രമങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു എന്നാണ് മഹുവ കത്തിൽ പരാമർശിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു മാധ്യമ സ്ഥാപനത്തിന് എത്തിക്സ് കമ്മറ്റിയുടെ കരടു റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ഇത് റൂൾസ് ഓഫ് പ്രൊസീജ്യർ ആൻഡ് കൺടക്ട് ഓഫ് ബിസിനസ് ഇൻ ലോക്സഭ 275(2) നിയമത്തിന്റെ ലംഘനമാണെന്നും മഹുവ ചൂണ്ടിക്കാട്ടി.

താൻ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച ഗ്രൂപ്പിന്റെ ഉടമസ്ഥതിലുള്ള ചാനലിന് ഇത്രയും രഹസ്യമായ കമ്മറ്റി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ എങ്ങനെ ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്നും ഇത് ഗുരുതരമായ നിയമലംഘനമാണെന്നും മഹുവ കത്തിൽ പരാമർശിച്ചു. നേരത്തെ അയച്ച പരാതിയിൽ സ്പീക്കർ നടപടി സ്വീകരിക്കാതിരുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും അവർ കത്തിൽ പറഞ്ഞു.

Advertisement