‘വിമാനയാത്രക്കിടെ യുവതി ദുരുദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു’; ​ദുരനുഭവം വെളിപ്പെടുത്തി 20കാരന്റെ പോസ്റ്റ്

Advertisement

ന്യൂഡൽഹി: വിമാനയാത്രക്കിടെ യുവതിയിൽ നിന്ന് നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവാവിന്റെ പോസ്റ്റ്. നവംബർ ഏഴിന് ഡൽഹിയിൽ നിന്ന് പുനെയിലേക്ക് പുറപ്പെട്ട വിമാനത്തിൽവെച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് യുവാവ് റെഡ്ഡിറ്റിൽ കുറിച്ചു.

വിമാനം കയറുന്നതിനായി കാത്തുനിൽക്കുമ്പോൾ പിന്നിൽ നിന്ന 30-35 പ്രായമുള്ള യുവതി മൂളിപ്പാട്ടുപാടുകയും ദുരുദ്ദേശ്യത്തോ‌ടെ അരയ്ക്ക് കീഴെയും പിന്നിലും തടവിയെന്നുമാണ് യുവാവിന്റെ പോസ്റ്റിലെ ആരോപണം. യുവതിയുടെ പെരുമാറ്റ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ജീവിതത്തിൽ ആ​ദ്യമായാണ് ഇത്തരമൊരനുഭവമുണ്ടാകുന്നതെന്നും ഇയാൾ പറഞ്ഞു. ‌

യുവതിയോട് കാര്യം സൂചിപ്പിച്ചപ്പോൾ താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു മറുപടിയെന്നും യുവാവ് പറഞ്ഞു. യുവാവിന്റെ പോസ്റ്റ് വൈറലായി. തുടർന്ന് നിരവധി പേർ അഭിപ്രായവുമായി രം​ഗത്തെത്തി. ചിലർ ഇത് യുവാവിന്റെ സങ്കൽപകഥയാണെന്ന് പറഞ്ഞു. എന്നാൽ, പലപ്പോഴും പുരുഷന്മാരും ഇത്തരം ദുരനുഭവം നേരിടുന്നുണ്ടെന്ന് നിരവധിപ്പേർ കമന്റ് ചെയ്തു. 20കാരനായ യുവാവാണ് തൻറെ അനുഭവം എഴുതിയത്.

കഴിഞ്ഞ ദിവസം ബെം​ഗളൂരുവിലും സമാനമായ സംഭവമുണ്ടായിരുന്നു. വിമാനയാത്രക്കിടെ 52കാരൻ യുവതിയെ ലൈം​ഗികമായി അതിക്രമിച്ചെന്ന് പരാതി ലഭിച്ചു. യുഎസിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ലുഫ്താൻസ വിമാനത്തിലാണ് സംഭവം. 52 കാരനെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു. നവംബർ ആറിനാണ് സംഭവം. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിനിയായ 32 കാരിയാണ് പരാതിക്കാരി.

യുവതി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. അടുത്ത സീറ്റിലിരുന്ന 52കാരൻ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. അതിക്രമം തുടർന്നപ്പോൾ യുവതി ഫ്ലൈറ്റ് അറ്റൻഡന്റിനെ വിളിച്ച് പരാതിപ്പെട്ടു.