ഉത്തര്‍പ്രദേശിലെ അയോധ്യ ഇത്തവണ ദീപാവലി ആഘോഷം കൂടുതല്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഒരേ സമയം 51 ഘാട്ടുകളിലായി 24 ലക്ഷം ചെരാതുകള്‍ കത്തിച്ച് ലോക റെക്കോര്‍ഡ് നേടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ദീപാവലിയോടനുബന്ധിച്ച് ഇന്ന് രാവിലെ ടാബ്ലോ ഘോഷയാത്രയ്ക്ക് തുടക്കമായി. ഘോഷയാത്രയില്‍ ടൂറിസം വകുപ്പിന്റെ മാത്രം ഏഴ് ടാബ്ലോകളാണ് പങ്കെടുക്കുന്നത്. ടാബ്ലോകളില്‍ രാമായണത്തിലെ വിവിധ കഥകളാണ് ചിത്രീകരിച്ചിരിക്കുന്നത്. പരിപാടിക്ക് തിളക്കം കൂട്ടാന്‍ രാജ്യത്തെ വിവിധ നൃത്ത രൂപങ്ങള്‍ കലാകാരന്മാര്‍ അവതരിപ്പിക്കും.
24 ലക്ഷം ചെരാതുകള്‍ കത്തിക്കാന്‍ 25000 സന്നദ്ധ പ്രവര്‍ത്തകരെയാണ് അണിനിരത്തുക. അയോധ്യ ജില്ലാ ഭരണകൂടവും അവധ് സര്‍വകലാശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ സംഘം ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചാണ് ചെരാതുകള്‍ എണ്ണുക. ദീപോത്സവ പരിപാടി വൈകീട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്യും.