തുടർച്ചയായി എത്ര മണിക്കൂർ നിങ്ങൾക്ക് ഉറങ്ങാനാകും? 6–7 മണിക്കൂർ ഉറക്കമാണ് ഒരു മനുഷ്യശരീരത്തിനു ആവശ്യമായത്. എന്നാൽ പല ഘടകങ്ങൾകൊണ്ടും അതിലും കുറച്ചധികം നേരം നമ്മൾ ഉറങ്ങിയെന്നിരിക്കും.
എന്നാൽ മുംബൈ സ്വദേശിയായ 26കാരൻ തുടർച്ചയായി കിടന്നുറങ്ങിയത് എട്ടു ദിവസമാണ്. ഈ എട്ടു ദിവസത്തെ ഉറക്കത്തിനിടയിൽ ഭക്ഷണം കഴിക്കാനും ടോയ്‌ലറ്റ് ഉപയോഗിക്കാനും മാത്രമാണ് യുവാവ് എഴുന്നേറ്റത്. അതും അർധബോധാവസ്ഥയിൽ.
ക്ലെയിൻ ലെവിൻ സിൻഡ്രോം (kleine levin syndrome) എന്ന രോഗാവസ്ഥയാണ് യുവാവിനെന്ന് പരിശോധനയിൽ കണ്ടെത്തി. വളരെ സങ്കീർണമായ അവസ്ഥയാണ് കെഎൽഎസ് എന്നും ഇതിന്റെ കാരണമെന്തെന്നു പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ന്യൂറോളജിസ്റ്റ് ആയ ഡോ. പ്രശാന്ത് മഖീജ പറഞ്ഞു. തന്റെ കരിയറിലെ മൂന്നാമത്തെ കെഎൽഎസ് കേസ് ആണിതെന്നും 18-28 വയസ്സിന് ഇടയിലുള്ളവർക്കാണ് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലെങ്കിലും കെഎൽഎസ് അവസാനം റിപ്പോർട്ട് ചെയ്തത് 35 വയസ്സുള്ള വ്യക്തിക്കായിരുന്നുവെന്നും പറയുന്നു. ഇതൊരു വൈറൽ ഇൻഫെക്‌ഷൻ ആണെന്നും കെഎൽഎസ് കണ്ടുപിടിക്കാൻ പ്രത്യേകിച്ചു ടെസ്റ്റുകളൊന്നും ഇല്ലെന്നും ഡോക്ടർമാർ അറിയിച്ചു.
യുവാവ് തുടർച്ചയായി എട്ടു ദിവസം ഉറങ്ങിയത് വീട്ടുകാരിൽ പരിഭ്രാന്തി ഉണ്ടാക്കുകയും അതേത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വളരെ ക്ഷീണിതനും അവശനുമായ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. എന്തു ചെയ്യണമെന്ന് അറിയാതെ ഡോക്ടർമാരും ആദ്യമൊന്നു കുഴങ്ങി. പിന്നീട് വേണ്ട ശുശ്രൂഷകൾ നൽകുകയായിരുന്നു.