സഹാറ ഗ്രൂപ്പ് സ്ഥാപകൻ സുബ്രത റോയ് അന്തരിച്ചു

Advertisement

മുംബൈ: സഹാറ ഇന്ത്യ പരിവാറിന്റെ സ്ഥാപകൻ സുബ്രത റോയ് (75) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഈ മാസം 12-ന് മുംബൈയിലെ കോകിലബെൻ ധീരുബായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബിഹാറിലെ അറാറിയയില്‍ ജനിച്ച സുബ്രത റോയ് രാജ്യത്തെ വ്യവസായ രംഗത്തെ പ്രമുഖനായിരുന്നു.

ഫിനാൻസ് റിയല്‍ എസ്റ്റേറ്റ്, മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യം അദ്ദേഹം സ്ഥാപിച്ചു.

ഭാര്യ:സ്വപ്ന റോയ്, മക്കള്‍: സുശാന്തോ, സീമാന്തോ റോയ്.