ജ്യോതിരാദിത്യ സിന്ധ്യ ചതിയൻ, പൊക്കം കുറവാണെങ്കിലും അഹങ്കാരത്തിന് കുറവില്ല: പ്രിയങ്ക

Advertisement

ദാടിയ: മുൻ കോൺഗ്രസ് നേതാവും അടുത്ത സുഹൃത്തുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനവിധിയെ വഞ്ചിച്ച ചതിയനാണ് ജ്യോതിരാദിത്യ സിന്ധ്യ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചത്.

‘‘ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല. എല്ലാ ബിജെപി നേതാക്കളും ഒന്നാമതായി ആശങ്കപ്പെടുന്നത് സിന്ധ്യയുടെ കാര്യത്തിലാണ്. ഞാൻ അദ്ദേഹത്തിനൊപ്പം ഉത്തർപ്രദേശിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏതു പ്രവർ‌ത്തകനും അദ്ദേഹത്തെ കാണാൻ ചെന്നാൽ മഹാരാജാ എന്ന് വിളിക്കണം. അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. സിന്ധ്യ അദ്ദേഹത്തിന്റെ കുടുംബ പാരമ്പര്യമാണ് തുടരുന്നത്. അവർ ചതിച്ചത് ഗ്വാളിയാറിലെയും ചമ്പയിലെയും ജനങ്ങളെയാണ്. സർക്കാരിനെ സിന്ധ്യ അട്ടിമറിക്കുകയായിരുന്നു’’ – പ്രിയങ്ക പറഞ്ഞു.

2020ലാണ് കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിക്കൊപ്പം ചേർന്നത്. തുടർന്ന് ബിജെപി ഭരണം പിടിക്കുകയായിരുന്നു. 2018ലെ തിരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും മുതിർന്ന നേതാവ് കമൽ നാഥിനെയാണ് പാർട്ടി ഉന്നത പദവിയിലേക്കു നിയോഗിച്ചത്. രണ്ടു വർഷത്തിനുശേഷം 20 എംഎൽഎമാർക്കൊപ്പം സിന്ധ്യ ബിജെപിയിൽ ചേരുകയായിരുന്നു. വെള്ളിയാഴ്ചയാണ് മധ്യപ്രദേശിൽ വോട്ടെടുപ്പ് നടത്തുന്നത്.