യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളിയതായി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. യമിലേക്കു പോകാന്‍ നിമിഷ പ്രിയയുടെ അമ്മ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷ പ്രിയയുടെ കാര്യത്തില്‍ ഇനി യമന്‍ പ്രസിഡന്റിനു മാത്രമാണ് ഇളവ് അനുവദിക്കാനാവുക. 2017ല്‍ യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശി നിമിഷ പ്രിയ സന്‍ആയിലെ ജയിലില്‍ കഴിയുന്നത്. നിമിഷ പ്രിയ നല്‍കിയ ഹരജികളെല്ലാം കോടതി തള്ളിയതോടെയാണ് അമ്മ യമനിലേക്ക് പോകാന്‍ അനുമതി തേടിയത്.
ആരൊക്കെയാണ് യമനിലേക്ക് പോകുന്നതെന്നും അതുമായി ബന്ധപ്പെട്ട തീരുമാനം ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.
യമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം 50 ദശലക്ഷം യമന്‍ റിയാലാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. പ്രസ്തുത തുക നല്‍കാന്‍ കേരളത്തില്‍ നിന്നുള്ള സന്നദ്ധ സംഘടനകള്‍ തയ്യാറെടുത്തിരുന്നു. അതിനിടയിലാണ് സുപ്രിം കോടതി ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന അപ്പീല്‍ തള്ളിയത്.