ശസ്ത്രക്രിയയ്ക്ക് ഡോക്ടറുടെ ഭാര്യയും ലാബ് ടെക്‌നിഷ്യനും, ജീവൻ പോയത് 7 പേർക്ക്; ഡൽഹിയിൽ മെഡിക്കല്‍ റാക്കറ്റ്‌ പിടിയിൽ

Advertisement

ന്യൂഡൽഹി: വർഷങ്ങളായി ക്ലിനിക്കിൽ ചികിത്സ നൽകുകയും ശസ്ത്രക്രിയ നടത്തുകയും നിരവധി പേരുടെ മരണത്തിനു കാരണക്കാരാവുകയും ചെയ്ത വ്യാജ ഡോക്ടർമാരും സംഘവും അറസ്റ്റിൽ. ഡൽഹി ഗ്രേറ്റർ കൈലാഷ് പ്രദേശത്താണു ഞെട്ടിക്കുന്ന സംഭവം. രണ്ട് രോഗികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു നാലംഗ സംഘം അറസ്റ്റിലായത്.

ഡോ. നീരജ് അഗർവാൾ, ഭാര്യ പൂജ അഗർവാൾ, ഡോ. ജസ്‌പ്രീത് സിങ്, മുൻ ലബോറട്ടറി ടെക്നിഷ്യൻ മഹേന്ദർ സിങ് എന്നിവരാണ് അറസ്റ്റിലായതെന്നു ഡൽഹി പൊലീസ് അറിയിച്ചു. അസ്​ഗർ അലി എന്നയാൾ പിത്താശയ ചികിത്സയ്ക്കായി 2022ൽ അഗർവാൾ മെഡിക്കൽ സെന്ററിൽ അഡ്മിറ്റായിരുന്നു. സർജൻ ഡോ.ജസ്പ്രീത് സിങ് ശസ്ത്രക്രിയ നടത്തുമെന്നാണ് അസ്​ഗറിനെ അറിയിച്ചത്. ശസ്ത്രക്രിയയ്ക്കു തൊട്ടുമുൻപു ജസ്പ്രീതിനു പകരം പൂജയും മഹേന്ദറും ശസ്ത്രക്രിയാ മുറിയിൽ പ്രവേശിച്ചു.

മതിയായ യോഗ്യതകളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍ ഡോക്ടർ ചമഞ്ഞ് പൂജ അഗര്‍വാളും ലാബ് ടെക്‌നിഷ്യൻ മഹേന്ദറുമാണു ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം മുറിക്കു പുറത്തിറങ്ങിയ അസ്​ഗറിനു കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. തുടർന്നു സഫ്ദർജങ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. അസ്​ഗറിന്റെ മരണത്തോടെയാണു ക്ലിനിക്കിനെയും ഡോക്ടർമാരെയും കുറിച്ചുള്ള സംശയം ബലപ്പെട്ടത്. നേരത്തെ മരിച്ച രോഗികളുടെ ബന്ധുക്കളും രംഗത്തെത്തി.

പരാതികൾ അന്വേഷിച്ചപ്പോഴാണു തട്ടിപ്പിന്റെ ആഴം പൊലീസിനു മനസ്സിലായത്. ഡോ. നീരജ് അഗർവാൾ ഫിസിഷ്യൻ ആണെങ്കിലും വ്യാജരേഖകൾ തയാറാക്കി സർജൻ എന്ന മട്ടിൽ‌ ശസ്ത്രക്രിയകൾ ചെയ്യുന്നതായി കണ്ടെത്തി. 2016 മുതൽ ഒൻപത് പരാതികൾ ക്ലിനിക്കിനെതിരെ ഉണ്ടായിരുന്നു. ഇതിൽ ഏഴിലും ചികിത്സാപ്പിഴവിനെ തുടർന്നു രോഗികൾ മരിച്ചതുമാണ്. നാലു ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ബോർഡ് രൂപീകരിച്ച് ക്ലിനിക്കിന്റെ എല്ലാ രേഖകളും ചരിത്രവും പരാതികളും പരിശോധിച്ചതോടെ ഒട്ടേറെ ക്രമക്കേടുകളാണു കണ്ടെത്തിയതെന്നു ഡിസിപി ചന്ദൻ ചൗധരി പറഞ്ഞു.

രോഗികളുടെ ചികിത്സയും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് വ്യാജ രേഖകളുണ്ടാക്കുന്നത് അഗർവാളിന്റെ ശീലമായിരുന്നു. ഡോക്ടറുടെ ഒപ്പ് മാത്രം രേഖപ്പെടുത്തിയ 414 കുറിപ്പടികൾ കണ്ടെടുത്തു. ആശുപത്രിക്ക് പുറത്ത് സൂക്ഷിക്കാന്‍ അനുമതിയില്ലാത്ത ഇന്‍ജക്‌ഷനുകളും മരുന്നുകളും പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ സര്‍ജിക്കല്‍ ബ്ലേഡുകള്‍, 47 ചെക്ക് ബുക്കുകള്‍, 54 എടിഎം കാര്‍ഡുകള്‍, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടെ പാസ്ബുക്കുകള്‍, രോഗികളുടെ യഥാർഥ കുറിപ്പടികൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.

Advertisement