ഉത്തരാഖണ്ഡ് തുരങ്ക അപകടം,രക്ഷാപ്രവർത്തനം നിർണായകഘട്ടത്തിൽ

Advertisement

ഉത്തരകാശി.ഉത്തരാഖണ്ഡ് തുരങ്ക അപകടം. രക്ഷാപ്രവർത്തനം നിർണായകഘട്ടത്തിൽ. ഡൽഹിയിൽ നിന്ന് എത്തിച്ച ഓഗർ മെഷീൻ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. ദൗത്യം വിജയിച്ചാൽ തൊഴിലാളികളെ ഇന്ന് തന്നെ പുറത്തെത്തിക്കാൻ നീക്കം

40 തൊഴിലാളികൾ കുടുങ്ങിയിട്ട് 120 മണിക്കൂർ പിന്നിട്ടിരിക്കയാണ്. തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്. ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തന പുരോഗതി ഉറ്റുനോക്കുന്ന ലോകത്തിനുമുന്നില്‍ നാണം കെടാതിരിക്കണമെങ്കില്‍ തൊഴിലാളികളെ സുരക്ഷിതാമായി പുറത്ത് എത്തിച്ചേ മതിയാകൂ.

നവംബര്‍ 12-ന് വടക്കന്‍ ഉത്തരാഖണ്ഡിലെ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന് 40 തൊഴിലാളികളാണ് അതില്‍ കുടുങ്ങിയിരിക്കുന്നത്. ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തിന്റെ ഭാഗം ഞായറാഴ്ച രാവിലെയാണ് തകര്‍ന്നത്. 4,531 മീറ്റര്‍ നീളമുള്ള സില്‍ക്യാര ടണല്‍ കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രാലയത്തിന്റെ കീഴിലുള്ള ചാര്‍ധാം പദ്ധതിയുടെ ഭാഗമാണ്.

853.79 കോടി രൂപ മുതല്‍ മുടക്കി നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (എന്‍എച്ച്ഐഡിസിഎല്‍) നവയുഗ എഞ്ചിനീയറിംഗ് കമ്പനിയാണ് ഇത് നിര്‍മ്മിക്കുന്നത്. ഇതുവരെ, കുടുങ്ങിക്കിടക്കുന്ന ഒരു തൊഴിലാളിയെപ്പോലും പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തുരങ്കപാതയ്ക്ക് സമീപത്ത് മണ്ണിടിഞ്ഞതാണ് തുരങ്കം തകരാന്‍ കാരണമെന്നാണ് പ്രാഥമിക മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ അന്വേഷണം നടക്കുകയാണെന്ന് എന്‍എച്ച്ഐഡിസിഎല്‍ അധികൃതര്‍ പറഞ്ഞു.

ഈ 40 തൊഴിലാളികളില്‍ 15 പേര്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ളവരും എട്ടുപേര്‍ ഉത്തര്‍പ്രദേശ്, അഞ്ച് പേര്‍ ഒഡീഷ, നാല് പേര്‍ ബിഹാര്‍, മൂന്ന് പേര്‍ പശ്ചിമബംഗാള്‍, ഒരാള്‍ ഹിമാചല്‍ പ്രദേശ്, രണ്ടുപേര്‍ വീതം ഉത്തരാഖണ്ഡ്, അസം എന്നിവടങ്ങളില്‍ നിന്നുള്ളരാണെന്ന് എന്‍എച്ച്ഐഡിസിഎല്‍ അറിയിച്ചു.

ചാര്‍ ധാം തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് പാത നിര്‍മിക്കുന്നത്. അപകടസാധ്യതയേറിയതും മണ്ണിടിച്ചിലിനു സാധ്യതയുള്ളതുമായ കുത്തനെയുള്ള മലയോര മേഖലയാണ് ഇവിടെയുള്ളത്. ഇടുങ്ങിയ റോഡുകള്‍ ഒഴിവാക്കി തീര്‍ഥാടകരുടെ യാത്രാസമയം ഒരു മണിക്കൂറോളം ലാഭിക്കാന്‍ തുരങ്ക പാതയ്ക്ക് കഴിയും. നിലവിലെ റോഡ് വീതി കൂട്ടുമ്പോള്‍ പ്രദേശത്തെ സസ്യസമ്പത്തിനെ വലിയ തോതില്‍ നശിപ്പിക്കുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തുരങ്ക പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്.

ഞായറാഴ്ച പുലര്‍ച്ച 5.30 അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാസേന ഇവിടേക്ക് എത്തിയതായി ദുരന്തനിവാരണ സേന അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഒരു പൈപ്പ് കടത്തി തൊഴിലാളികളുമായി സംസാരിക്കാനുള്ള സംവിധാനമൊരുക്കിയതായി അവര്‍ പറഞ്ഞു. വോക്കി ടോക്കി വഴി തൊഴിലാളികളുമായുള്ള ആശയവിനിമയം സാധ്യമാക്കിയതായി ഉത്തരകാശി മേഖല പോലീസ് സൂപ്രണ്ട് അര്‍പന്‍ യദുവനാശി പറഞ്ഞിരുന്നു. ”തുടക്കത്തില്‍ അപകടത്തില്‍പ്പെട്ട തൊഴിലാളികള്‍ പരിഭ്രാന്തരായിരുന്നു. എന്നാല്‍, ഞങ്ങള്‍ നടത്തുന്ന രക്ഷാശ്രമങ്ങളെക്കുറിച്ച് അവരോട് വിവരിച്ചു. ഓക്സിജന്‍ കുറവുണ്ടെന്ന് അവര്‍ അവര്‍ പറഞ്ഞിരുന്നു. കടലപോലുള്ള ആഹാരസാധനങ്ങള്‍ അവര്‍ക്ക് നല്‍കികൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

75 പോലീസ് ഉദ്യോഗസ്ഥര്‍, 25 അഗ്‌നിരക്ഷാ സേനാംഗങ്ങള്‍, PAC യുടെ ഒരു പ്ലാറ്റൂണ്‍ (പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി), SDRF-ല്‍ നിന്ന് 25 പേര്‍, NDRF-ല്‍ നിന്ന് 35 പേര്‍, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ നിന്ന് 25 പേര്‍ എന്നിവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തണുത്തകാലാവസ്ഥയിലും എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.

രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇടിഞ്ഞ മണ്ണ് തുടര്‍ച്ചയായി നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കോണ്‍ക്രീറ്റ് അല്ലെങ്കില്‍ മോര്‍ട്ടാര്‍ തുടര്‍ച്ചായായി ഇവിടെ തളിച്ച് 900 എംഎം വ്യാസമുള്ള സ്റ്റീല്‍ പൈപ്പ് ഉള്ളിലേക്ക് തള്ളിക്കൊടുക്കുകയാണെന്ന് എന്‍എച്ച്ഐഡിസിഎല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള വിദഗ്ധ സംഘവും അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തുരങ്കത്തിനുള്ളില്‍ 200 മീറ്റര്‍ ചുറ്റളവില്‍ കൂറ്റന്‍പാറകള്‍ വീണുകിടക്കുകയാണ്. ഇത് നീക്കി തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

ഉത്തരകാശി തുരങ്ക പാത തകര്‍ന്നതില്‍ അന്വേഷണം നടത്താല്‍ അഞ്ചംഗ വിദഗ്ധ സമിതിയ്ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്.

Advertisement