‘ഷമി മികച്ച ക്രിക്കറ്ററാണ്, നല്ല ഭർത്താവും അച്ഛനും കൂടിയായിരുന്നെങ്കിൽ’: മുൻ ഭാര്യ

Advertisement

മുംബൈ: ലോകകപ്പിൽ മികച്ച ഫോമിലാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. 23 വിക്കറ്റുമായി ടൂർണമെന്റിലെ വിക്കറ്റുവേട്ടക്കാരിൽ ഒന്നാമനാണ് ഷമി. സെമിയിൽ ന്യൂസീലൻഡിനെതിരെ ഏഴ് വിക്കറ്റു നേടി കളിയിലെ താരമാകാനും ഷമിക്ക് കഴിഞ്ഞു. എന്നാൽ വ്യക്തി ജീവിതത്തിൽ ഷമി ‍‘ഹീറോ’യല്ല എന്ന പ്രസ്താവനയുമായി മുൻഭാര്യ ഹസിൻ ജഹാൻ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

‘‘നല്ല ക്രിക്കറ്ററെന്നതുപോലെ നല്ല മനുഷ്യനുമായിരുന്നെങ്കിൽ ഞങ്ങൾക്ക് നല്ല ജീവിതം നയിക്കാനാവുമായിരുന്നു. അദ്ദേഹം നല്ല വ്യക്തിയായിരുന്നെങ്കിൽ മകൾക്കും എനിക്കും സന്തോഷമുള്ളൊരു ജീവിതം ഉണ്ടാകുമായിരുന്നു. നല്ലൊരു ഭർത്താവും പിതാവും ആയിരുന്നെങ്കിൽ ഇതിലേറെ ബഹുമാനം ലഭിക്കുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അത്യാഗ്രഹത്തിന്റേയും മോശം മനസ്സിന്റേയും ഫലമായുണ്ടായ തെറ്റിന്റെ ഫലം ഞങ്ങൾ മൂന്നുപേരും അനുഭവിക്കേണ്ടിവന്നു’’ –ഹസിൻ ജഹാൻ പറഞ്ഞു. പണം ഉയോഗിച്ച് തന്റെ തെറ്റുകൾ മറയ്ക്കാനാണ് ഷമി ശ്രമിക്കുന്നതെന്നും ഹസിൻ ആരോപിച്ചു.

സെമിഫൈനലിലെ ഷമിയുടെ റെക്കോർഡ് നേട്ടത്തിൽ പ്രത്യേക സന്തോഷം തോന്നുന്നില്ലെന്നും എന്നാൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതിൽ സന്തോഷമുണ്ടെന്നും ഹസിൻ പ്രതികരിച്ചു. ഞായറാഴ്ചത്തെ ഫൈനലിൽ ഇന്ത്യ ജയിക്കണമെന്നാണ് തൻറെ ആഗ്രഹമെന്നും അവർ പറഞ്ഞു. നടിയും രാഷ്ട്രീയ പ്രവർത്തകയുമായ പായൽ ഘോഷ് ഷമിയോട് വിവാഹാഭ്യർഥന നടത്തിയതിൽ പ്രതികരിക്കാനില്ലെന്നും ഹസിൻ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ സാധാരണമാണെന്നും അതിൽ പ്രതികരിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തെ ഗാർഹിക പീഡനമുൾപ്പെടെ ആരേപിച്ച് ഷമിക്കെതിരെ ഹസിൻ നിയമനടപടി തേടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഷമിക്കുനേരെ ജാമ്യാമില്ലാ വകുപ്പു പ്രകാരം കേസ് റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇവരുടെ ആരോപണങ്ങളെ ഷമി പൂർണമായും നിഷേധിക്കുകയായിരുന്നു. 2018 മുതലാണ് ഇരുവരും പിരിഞ്ഞു കഴിയുന്നത്.