ന്യൂ ഡെൽഹി :വായ്പ എടുത്തവർക്ക് ആശ്വാസ വാർത്തയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പകളുടെ അടിസ്ഥാന പലിശ മാനദണ്ഡമായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റാണ് (എംസിഎൽആർ) ഇക്കുറിയും മാറ്റം വരുത്താതെ നിലനിർത്തിയത്. കഴിഞ്ഞ ജൂലൈ മുതലാണ് എസ്ബിഐ എംസിഎൽആർ നിരക്കുകൾ നിലനിർത്താൻ തുടങ്ങിയത്. വായ്പ ഇടപാടുകാർക്ക് വായ്പകളുടെ പ്രതിമാസ തിരിച്ചടവിൽ സ്ഥിരത പുലർത്താൻ സഹായിക്കുന്ന നടപടിയാണിത്. പ്രധാനമായും കൺസ്യൂമർ വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവ എടുത്തവർക്കാണ് ഈ നടപടി കൂടുതൽ പ്രയോജനം ചെയ്യുക. നവംബർ മാസത്തെ നിരക്കുകളെ കുറിച്ച് അറിയാം.
ഒരു രാത്രി മാത്രം കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 8 ശതമാനമാണ്. ഒരു മാസം കാലാവധിയുളള വായ്പകളുടെയും, 3 മാസം കാലാവധിയുള്ള വായ്പകളുടെയും എംസിഎൽആർ നിരക്ക് 8.15 ശതമാനമാണ്. ഒരു വർഷം കാലാവധിയുള്ള വായ്പകൾക്ക് 8.55 ശതമാനമാണ് എംസിഎൽആർ നിരക്ക്. അതേസമയം, 2 വർഷത്തേക്ക് 8.65 ശതമാനവും, 3 വർഷത്തേക്ക് 8.75 ശതമാനവുമാണ് നിരക്ക്. വായ്പകളുടെ അടിസ്ഥാന പലിശ നിരക്ക് നിർണയിക്കാനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2016-ൽ നടപ്പിലാക്കിയ സംവിധാനമാണ് എംസിഎൽആർ.