ബില്ലുകളില്‍ തമിഴ്നാട് ഗവര്‍ണര്‍ അനുമതി നല്‍കുന്നതിലെ കാലതാമസം: മൂന്ന് വർഷം ഗവർണ്ണർ എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി; കേന്ദ്ര സർക്കാരിനും നോട്ടീസ്

Advertisement

ന്യൂഡല്‍ഹി: തമിഴ്നാട്, കേരള ഗവർണ്ണർമാർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.മൂന്ന് വർഷം ഗവർണർ എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രിം കോടതി ചോദിച്ചു.ഗവർണ്ണറുടെ സെക്രട്ടറിക്കും കേന്ദ്ര സർക്കാരിനും ഇത് സംബന്ധിച്ച് സുപ്രീം കോടതി നോട്ടീസ് അയച്ചു.വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി. 29 ന് കോടതി വിശദമായ പരിശോധന നടത്തും.സർക്കാർ കോടതിയെ സമീപിച്ചശേഷമാണ് ഗവർണർ ബില്ലുകൾ തിരിച്ചച്ചത്.
നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ക്ക് സംസ്ഥാന ഗവര്‍ണര്‍ അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയെന്നാരോപിച്ച്‌ തമിഴ്നാട് സര്‍ക്കാർ നൽകിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പരാമർശം.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

നിയമം, കൃഷി, ഉന്നത വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന 10 ബില്ലുകളാണ് നവംബര്‍ 13 ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി തിരിച്ചയച്ചത്. തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കി വീണ്ടും ഗവര്‍ണറുടെ അനുമതിക്കായി അയച്ചു. നവംബര്‍ 10ന് തന്നെ ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന്റെ വിശദീകരണവും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന് നോട്ടീസ് അയച്ച സുപ്രീം കോടതി, പ്രശ്നം പരിഹരിക്കുന്നതിന് അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ സഹായം തേടിയിരുന്നു. ഭരണഘടനാപരമായ അധികാരം സ്ഥിരമായി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ‘അസാധാരണമായ കാരണങ്ങളാല്‍’ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Advertisement