ബെംഗളൂരു: പീഡനത്തിന് ഇരയായ പെൺകുട്ടി, പ്രതിയെ വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചതിനെ തുടർന്ന് പ്രതിക്കെതിരെയുള്ള പീഡന കേസും പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും റദ്ദാക്കി കർണാടക ഹൈക്കോടതി. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നും കോടതി ഉത്തരവിട്ടു.
പീഡനത്തിനിരയായ പെൺകുട്ടിക്ക് ഇപ്പോഴാണ് പ്രായപൂർത്തിയായത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡർ ആണ് കേസ് പരിഗണിച്ചത്.
ഇരയായ പെൺകുട്ടിയും കുട്ടിയുടെ പിതാവും കോടതിയിൽ ഹാജരായി പ്രതിക്കെതിരായ നടപടിക്രമങ്ങൾ റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നു വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിച്ചു. തനിക്കിപ്പോൾ പ്രായപൂർത്തിയായെന്നും പ്രതിയുമായി പ്രണയത്തിലാണെന്നും അയാളെ വിവാഹം കഴിച്ചു സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനു പ്രതി സമ്മിച്ചതായും പെൺകുട്ടി സത്യവാങ്മൂലത്തിൽ പറയുന്നു. സത്യവാങ്മൂലത്തിലൂടെ, പ്രതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതായും നിലവിലെ നടപടികൾ റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.
പ്രതിയെയും കോടതിയിൽ ഹാജരാക്കിയിരുന്നു. പെൺകുട്ടിയുമായി വിവാഹം കഴിക്കാൻ തയാറാണെന്നു പ്രതിയും വ്യക്തമാക്കിയിട്ടുണ്ടെന്നും ഇരുവരും തമ്മിലുള്ള ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയാണെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. കേസിൽ വിചാരണ തുടരുന്നത് നിയമത്തിന്റെ ദുരുപയോഗമാകുമെന്ന് കോടതി പറഞ്ഞു. ഇരയായ പെൺകുട്ടി പ്രതിയുമായി വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നു. ക്രിമിനൽ നടപടികൾ തുടരാൻ അനുവദിച്ചാൽ, അത് പ്രതിയെ തടവിലാക്കുന്നതിന് കാരണമാകുമെന്നും കോടതി വ്യക്തമാക്കി.