‘ചുവന്ന ഷർട്ടുകാരൻ സ്പർശിക്കുന്നത് അവൾ മനസ്സിലാക്കി. നഖം ആഴ്ന്നിറങ്ങുന്നതുപോലെ’: ലൈംഗികാതിക്രമം പങ്കുവച്ചു യുവതി

Advertisement

ബെംഗളൂരു: മെട്രോ ട്രെയിനിൽ തന്റെ സുഹൃത്തിനു നേരിട്ട അപമാനം പങ്കുവച്ച് യുവതി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ റെഡിറ്റിൽ പങ്കുവച്ച കുറിപ്പ് വൈറൽ. ബാംഗ്ലൂർ മെട്രോ യാത്രയ്‌ക്കിടെ തന്റെ സുഹൃത്തു നേരിട്ട ലൈംഗികാതിക്രമമാണ് യുവതി പങ്കുവച്ചത്.

മെട്രോയിലെ തിരക്കും ആൾക്കൂട്ടവും മുതലെടുത്ത് ഇത്തരം നാണംകെട്ട പ്രവൃത്തികൾക്കു മുതിരുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ എന്തു ചെയ്യാനാകുമെന്ന ചോദ്യത്തോടെയാണ് പോസ്റ്റ്. ഇതിനായി ട്രെയിനിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കാൻ എന്താണ് മാർഗമെന്നും പോസ്റ്റിൽ ആരായുന്നുണ്ട്. ഒട്ടേറെപ്പേരാണ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

യുവതിയുടെ റെഡിറ്റ് പോസ്റ്റ് ഇങ്ങനെ:

ഹായ്. സാധാരണയായി ബസിൽ കോളജിലേക്കു പോകുന്ന എന്റെ സുഹൃത്ത്, ഇന്ന് മെട്രോയിൽ പോകാൻ തീരുമാനിച്ചു. രാവിലെ 8.50ന്, നല്ല തിരക്കുള്ള സമയത്താണ് അവൾ മെട്രോയിൽ കയറിയത്. ട്രെയിനിൽ പതിവിലും തിരക്കായിരുന്നു. പൊതുവേ ട്രെയിനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള സ്ത്രീ, ഇന്ന് പതിവിലും ആളുകളെയാണ് ട്രെയിനിൽ കയറാൻ അനുവദിച്ചത്.

യാത്രയ്‌ക്കിടെ എന്റെ സുഹൃ‍ത്തിന് ആകെ അസ്വസ്ഥത അനുഭവപ്പെട്ടു. തന്റെ തൊട്ടുപിന്നിൽ നിൽക്കുന്ന ചുവന്ന ഷർട്ടിട്ട വ്യക്തി, ട്രെയിനിലെ തിരക്കും ബഹളും മുതലെടുത്ത് തന്റെ പിന്നിൽ സ്പർശിക്കുകയും പിടിക്കുകയും ചെയ്യുന്നതായി അവൾ മനസ്സിലാക്കി. അയാളുടെ നഖം തന്റെ പിന്നിൽ ആഴ്ന്നിറങ്ങുന്നതുപോലെയാണ് അവൾക്ക് അനുഭവപ്പെട്ടത്.

എന്താണ് സംഭവിക്കുന്നത് തുടക്കത്തിൽ അവൾക്കു മനസ്സിലായിരുന്നില്ല. കാര്യം മനസ്സിലാക്കി അവൾ തിരിഞ്ഞുനോക്കിയപ്പോഴേയ്ക്കും അക്രമി അവിടെനിന്നും രക്ഷപ്പെട്ടു. അയാളെ പിടികൂടുന്നതിനായി എന്റെ സുഹൃത്ത് അലറിവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തെങ്കിലും ആരും അനങ്ങിയില്ല.

ആ അക്രമിയെ കണ്ടെത്താനും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അയാളുടെ കപടമുഖം പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാനും ഞാൻ തയാറാണ്. അക്കാര്യത്തിൽ എന്നെ സഹായിക്കാൻ കഴിയുന്ന ആരെങ്കിലുമുണ്ടോ? ട്രെയിനിലും മെട്രോ സ്റ്റേഷനിലുമുള്ള സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നവയാണോ? ആ ദൃശ്യങ്ങൾ കിട്ടാൻ വഴിയുണ്ടോ? ദയവായി സഹായിക്കണം.

അവൾ ആകെ തകർന്ന അവസ്ഥയിലാണ്. എനിക്കും ആലോചിക്കുമ്പോൾ ഭ്രാന്തു വരുന്നു. മാത്രമല്ല, ഞങ്ങൾ നിസഹായരുമാണ്. ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്ന് അറിയാവുന്നവർ ദയവു ചെയ്ത് പറഞ്ഞുതരണം.