ഉത്തരകാശി: ഉത്തരാഖണ്ഡിൽ ടണലിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം വിജയത്തിനരികെ. ഇനി 15 മീറ്റർ കൂടി തുരന്നാൽ പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാകും. വൈകുന്നേരത്തോടെ ഇത് പൂർത്തിയാക്കാനാണ് ശ്രമം. 48 മീറ്ററാണ് ഇതുവരെ ഡ്രില്ല് ചെയ്തത്.
എല്ലാവരെയും എത്രയും പെട്ടെന്ന് സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാല് മണിക്കൂർ കൂടി തുടർച്ചയായി തുരക്കാൻ സാധിച്ചാൽ പൈപ്പ് സ്ഥാപിക്കുന്നത് പൂർത്തിയാക്കാൻ സാധിക്കും. തുടർന്ന് തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കും. പുറത്തെത്തിച്ചശേഷം ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. വലിയ പ്രശ്നമില്ലാത്തവരെ ജില്ലാ ആശുപത്രിയിൽ കാണിച്ചശേഷം വീട്ടിലേക്ക് പോകാൻ അനുവദിക്കും. ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് നീക്കം. അതിനായി തുരങ്കത്തിന് സമീപത്തായി ഹെലിപാഡ് സജ്ജമാക്കിയിട്ടുണ്ട്.
അമേരിക്കൻ നിർമിത ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചുള്ള പ്രവർത്തനം തടസ്സപ്പെട്ടാൽ മറ്റ് അഞ്ച് മാർഗങ്ങൾ കൂടി രക്ഷാപ്രവർത്തനത്തിനായി തയാറാക്കിയിട്ടുണ്ട്. കുന്നിന് മുകളിൽ നിന്ന് താഴേക്ക് കുഴിച്ച് തൊഴിലാളികളുടെ അടുത്തേക്ക് എത്താനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്. മല തുരന്ന് തൊഴിലാളികളുള്ള സ്ഥലത്തേക്ക് എത്തണമെങ്കിൽ 15 ദിവസമെടുക്കും.
12 ദിവസമായി ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ ഇന്നലെ ലഭിച്ചു. ഭക്ഷണത്തിനുള്ള പൈപ്പ് വഴി അകത്തേക്കിട്ട ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങൾ ഇന്നലെ പുലർച്ചെ മുതലാണു കിട്ടിത്തുടങ്ങിയത്. ഈ മാസം 12നാണ് റോഡ് നിർമാണത്തിനിടെ തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയത്. സ്റ്റീൽ പൈപ്പിലൂടെ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.
സിൽക്യാര ടണലിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ യന്ത്രഭാഗങ്ങളിലും പാറകളിലും തട്ടിയതിനാൽ കഴിഞ്ഞ ദിവസം നിർത്തിവച്ച ഡ്രില്ലിങ് ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് പുനരാരംഭിച്ചത്. ആകെ 60 മീറ്റർ നീളത്തിലുള്ള അവശിഷ്ടങ്ങൾ തുരന്നാണു കുഴലുകൾക്കു മുന്നോട്ടു നീങ്ങേണ്ടത്. 90 സെന്റി മീറ്റർ വ്യാസവും ആറ് മീറ്റർ നീളവുമുള്ള കുഴലുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്ത് 24 മീറ്റർ വരെ കഴിഞ്ഞ ദിവസം എത്തിയപ്പോഴാണു ഡ്രില്ലിങ് തടസ്സപ്പെട്ടത്. ഈ കുഴലുകൾക്കു കേടു പറ്റി. ഇതെത്തുടർന്ന് 80 സെന്റി മീറ്റർ വ്യാസമുള്ള പുതിയ കുഴലുകൾ ഇതിനുള്ളിലൂടെ കടത്തിവിട്ടു. അവ 24 മീറ്റർ വരെ സുഗമമായി മുന്നോട്ടു പോയി. ഇന്ന് വലിയ പ്രതിസന്ധികളില്ലാതെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടു പോകുന്നത്.