കാൺപൂര്‍: ഇന്ത്യയിൽ നടന്ന ലോകകപ്പ് ക്രിക്കറ്റ് ആവേശം ഒട്ടും ചോരാതെ ഏറ്റെടുത്തിരുന്നു ആരാധകരും. ഒരു മത്സരം പോലും തോൽക്കാതെ ഫൈനൽ വരെ എത്തിയ ഇന്ത്യ ഓസ്ട്രേലിയയെ തകര്‍ത്ത് കപ്പുയര്‍ത്തുമെന്നും ഏവരും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട് ഓസ്ട്രേലിയ കപ്പുയര്‍ത്തിയിരുന്നു. എങ്കിലും വലിയ സ്പോട്സ്മാൻ സ്പിരിറ്റോടെ ക്രിക്കറ്റ് ആരാധകര്‍ ലോകകപ്പ് ഉത്സവമാക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇത്തരം വളരെ പോസറ്റീവായ വാര്‍ത്തകൾ മാത്രമല്ല ലോകകപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഞായറാഴ്ച നടന്ന ഫൈനൽ കാണുന്നതിനിടെ ടിവി ഓഫ് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം ഒരാളുടെ മരണത്തിന് കാരണമായി. മത്സരം നടക്കുന്നതിനിടെ ടിവി ഓഫ് ചെയ്ത മകനെയാണ് പിതാവ് കൊലപ്പെടുത്തിയത്. യുപിയിലാണ് സംഭവം.
കാൺപൂരിലെ വീട്ടിലിരുന്ന് ഗണേഷ് പ്രസാദ് മത്സരം കാണുകയായിരുന്നു. അപ്പോഴായിരുന്നു രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി നൽകാൻ മകൻ ആവശ്യപ്പെട്ടത്. എന്നാൽ ഗണേഷ് ഇത് ചെവികൊണ്ടില്ല. തുടര്‍ന്ന് മകൻ ദീപക് ടിവി ഓഫ് ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കം അപിടിയിലേക്ക് നയിച്ചു. മദ്യലഹരിയിലായിരുന്ന ഗണേഷ് മൊബൈൽ ചാര്‍ജര്‍ വയര്‍ ഉപയോഗിച്ച് മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കോണിപ്പടിയിൽ കിടന്ന മൃതദേഹം ബന്ധുവാണ് കണ്ടെത്തിയത്. ക്രിക്കറ്റ് മത്സരം കാണുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മൊബൈൽ ചാർജിംഗ് കേബിളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് ചക്കേരി പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബ്രിജ് നാരായൺ സിംഗ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. അച്ഛനും മകനും പലപ്പോഴും മദ്യപിച്ച് വഴക്കിടാറുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞയാഴ്ച ഇരുവരും തമ്മിൽ അടിപിടിയുണ്ടായപ്പോൾ അമ്മ വീടുവിട്ടിറങ്ങിയിരുന്നു.